X

യൂറോയില്‍ ഇന്ന് മുതല്‍ മരണക്കളി

ആംസ്റ്റര്‍ഡാം: ഇന്ന് രാത്രി 9-30. യോഹാന്‍ ക്രൈഫ് അറീന. വെയില്‍സും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍. യൂറോയിലെ ആദ്യ പ്രി ക്വാര്‍ട്ടര്‍. ഇത് വരെ കണ്ടത് പോലെയായിരിക്കില്ല കാര്യങ്ങള്‍. 90 മിനുട്ട് പോരാട്ടത്തില്‍ തോല്‍ക്കുന്നവര്‍ പുറത്താണ്. 90 മിനുട്ടില്‍ മല്‍്‌സരഫലമില്ലെങ്കില്‍ 30 മിനുട്ട് അധികസമയം. അവിടെയും തീരുമാനമില്ലെങ്കില്‍ ഷൂട്ടൗട്ട്.

ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ കഴിയാത്തവരാണ് രണ്ട് ടീമുകളും. മുന്‍ ചാമ്പ്യന്മാരായ ഡെന്മാര്‍ക്ക് ഒരിക്കലുമില്ലാത്ത വിധം മാനസികമായി തളര്‍ന്നവരാണ്. ആദ്യ മല്‍സരത്തില്‍ ഫിന്‍ലാന്‍ഡിനെ നേരിടവെ 42-ാം മിനുട്ടില്‍ സൂപ്പര്‍ താരം കൃസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞ് വീണ സംഭവം ടീമിനെ ആകെ ഉലച്ചു. ഫുട്‌ബോള്‍ ലോകം തന്നെ ഞെട്ടിയ സംഭവമായിരുന്നു അത്. ടീമിന്റെ ഇടപെടലില്‍, ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍, കൃത്യമായ പരിചരണം തുടക്കത്തില്‍ തന്നെ ലഭിച്ചതില്‍ എറിക്‌സണ്‍ ജീവിതത്തിലേക്ക് തിരികെ വന്നു. പക്ഷേ ഫിന്‍ലാന്‍ഡുമായി ആ ദിവസം തന്നെ അവശേഷിക്കുന്ന സമയം മല്‍സരത്തിന് നിര്‍ബന്ധിതരായ ഡാനിഷ് സംഘം ഒരു ഗോളിന് തകര്‍ന്നു.

അടുത്ത മല്‍സരത്തില്‍ ശക്തരായ ബെല്‍ജിയത്തിന് മുന്നിലും തളര്‍ന്നപ്പോള്‍ ഡെന്മാര്‍ക്ക് പുറത്തേക്ക് എന്നാണ് കരുതിത്. പക്ഷേ റഷ്യക്കെതിരായ അവസാന മല്‍സരത്തില്‍ എറിക്‌സണ് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ടീം നാല് ഗോള്‍ മാര്‍ജിനില്‍ വിജയിച്ചാണ് ഗ്രൂപ്പ് ബിയില്‍ നിന്നും യോഗ്യത നേടിയത്. ബാര്‍സിലോണയില്‍ മെസിക്കൊപ്പം കളിക്കുന്ന മുന്‍നിരക്കാരന്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വെയിറ്റാണ് ഡാനിഷ് സംഘത്തിലെ പ്രമുഖന്‍. ടീമിനായി രണ്ട് ഗോളുകള്‍ ഇതിനകം സ്‌ക്കോര്‍ ചെയ്ത യൂസഫ് പോള്‍സണ്‍, കാസ്പര്‍ ഡോല്‍ബര്‍ഗ് എന്നിവരും അവസര വാദികളാണ്. ഗോള്‍വലയം കാക്കുന്ന കാസ്പര്‍ ഷിമിച്ചേലാണ് ടീമിന്രെ നട്ടെല്ല്. യൂറോകപ്പിലെ തന്നെ ഏറഅവും മികച്ച കാവല്‍ക്കാരില്‍ ഒരാളായ ഷിമിച്ചേലിനെ കടത്തി വെട്ടുക എളുപ്പമല്ല. നായകന്‍ സിമോണ്‍ കജാര്‍ നയിക്കുന്ന പ്രതിരോധവും കരുത്തരാണ്.

തട്ടിമുട്ടിയായിരുന്നു വെയില്‍സുകാരുടെ വരവ്. ആദ്യ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായി 1-1 സമനില. പക്ഷേ രണ്ടാം മല്‍സരത്തില്‍ രണ്ട് ഗോളിന് തുര്‍ക്കിയെ കീഴ്‌പ്പെടുത്തിയതോടെ ആത്മവിശ്വാസമായി. എന്നാല്‍ ശക്തരായ ഇറ്റലിക്ക് മുന്നില്‍ അവസാന മല്‍സരത്തില്‍ ഒരു ഗോളിന് തോറ്റു. ഗാരത്ത് ബെയില്‍ എന്ന നായകനാണ് ടീമിന്റെ കരുത്ത്. ഇത് വരെ സ്‌ക്കോര്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ് താരത്തിനായിട്ടില്ല. പക്ഷേ ടീമിന് കരുത്തേകാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. കൈഫര്‍ മൂര്‍, അരോണ്‍ രാംസേ എന്നിവര്‍ കരുത്തരാണ്. അഞ്ച് വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ സെമി കളിച്ചവരാണ് വെയില്‍സ്. ഗാരി വാര്‍ഡാണ് ഗോള്‍ കാവല്‍ക്കാരന്‍. ജോ അലന്‍, ഹാരി വില്‍സണ്‍, ജോ മോറല്‍ എന്നിവരടങ്ങുന്ന മധ്യനിരയാണ് കരുത്ത്. ഇന്ന് ബെയില്‍ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് വെയില്‍സിന്റെ ആരാധകര്‍.

 

Test User: