ഓര്‍മയില്ലേ റഷ്യന്‍ ലോകകപ്പിലെ റഷ്യയെ…. ഉദ്ഘാടന മല്‍്‌സരത്തില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സഊദി അറേബ്യക്കെതിരെ അഞ്ച് ഗോള്‍ വിജയം. രണ്ടാം മല്‍സരത്തില്‍ സാക്ഷാല്‍ മുഹമ്മദ് സലാഹിന്റെ ഈജിപ്തിനെതിരെ 3-1 വിജയം. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ലൂയിസ് സുവാരസിന്റെ ഉറുഗ്വോയോട് മൂന്ന് ഗോളിന് തോറ്റുവെങ്കിലും ഇതിനകം തന്നെ അവര്‍ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. മോസ്‌ക്കോയിലെ ലുഷിനികി സ്‌റ്റേഡിയത്തിലെ പ്രി ക്വാര്‍ട്ടര്‍ എങ്ങനെ മറക്കും. 2010 ല്‍ ലോകകപ്പ് ഉയര്‍ത്തിയ സ്‌പെയിനിനെ അവര്‍ ഷൂട്ടൗട്ടില്‍ വീഴ്ത്തി.
അന്നത്തെ റഷ്യന്‍ രാത്രി ആഘോഷത്തിന്റെ ഉല്‍സവമായിരുന്നു. അവിടെയും അവസാനിച്ചില്ല റഷ്യന്‍ ഗാഥ. ക്വാര്‍ട്ടറില്‍ ക്രൊയഷ്യക്കാര്‍. നിശ്ചിത സമയത്തില്‍ മല്‍സരം 2-2 ല്‍. അധികസമയത്ത്് ഗോളില്ല. ഷൂട്ടൗട്ടില്‍ ഒരു ഗോള്‍ തോല്‍വിയുമായി റഷ്യ പുറത്തായെങ്കിലും 2018 ലെ ലോകകപ്പിലെ വിസ്മയ സംഘമായിരുന്നു പഴയ സോവിയറ്റ് യൂണിയനുകാര്‍. ഇതാ, ആ ലോകകപ്പ് വിസ്മയത്തിന് ശേഷം അവര്‍ വീണ്ടും വന്‍കരയിലേക്ക് വരുന്നു. ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നിവര്‍ക്കെതിരെ.
പരിശീലകന്‍ പഴയ സ്റ്റാനിസ്ലാവ് ചെര്‍ച്ചഷോവ് തന്നെ. ലോകകപ്പ്് കളിച്ച സൂപ്പര്‍ താരങ്ങളില്‍ പലരും യൂറോ സംഘത്തിലുമുണ്ട്. സ്പാര്‍ട്ടക്ക് എഫ്.സിയുടെ അലക്‌സാണ്ടര്‍ സോബലേവ്, സെനിത്ത് എഫ്.സിയുടെ അര്‍തേ സുബ, സി.എസ്.കെ.എ യുടെ അന്റോണ്‍ സബോല്‍ട്ടണി എന്നിവര്‍ തന്നെ പ്രമുഖര്‍. മധ്യനിരയില്‍ ലോക്കോമോട്ടീവ് മോസ്‌ക്കോയുടെ ഡിമിത്രി ബാരിനോവ്, റിഫാത് സെമാല്‍ദിനോവ് എന്നിവര്‍ക്കൊപ്പം അലക്‌സാണ്ടര്‍ ഗോലോവിന്‍ എന്ന വിസ്മയവുമുണ്ട്. ഫ്രഞ്ച് ഡിവിഷന്‍ ഒന്നില്‍ മോണോക്കോയുടെ താരമായ ഗോലോവിനായിരുന്നു ലോകകപ്പില്‍ നാട്ടുകാരുടെ മനം കവര്‍ന്നത്. വലിയ പ്രതീക്ഷകള്‍ റഷ്യക്കില്ല. പക്ഷേ അവരുടെ പ്രഥമ ലക്ഷ്യം ആദ്യ റൗണ്ട് പിന്നിടുകയാണ്. അതിന് കഴിയുമോ…