ലണ്ടന്‍:യൂറോയില്‍ ഇന്ന് അര്‍ധരാത്രി ഒന്നാം സെമി ഫൈനല്‍. വെംബ്ലിയില്‍ ഇറ്റലിയും സ്‌പെയിനും നേര്‍ക്കുനേര്‍. വന്‍കരാ ഫുട്‌ബോളിലെ രണ്ട് പരമ്പരാഗത ശക്തികള്‍. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിക്കാര്‍ എല്ലാ കളികളിലും ജയിച്ചു കയറിയവര്‍. പക്ഷേ സ്‌പെയിന്‍ ആദ്യ രണ്ട് മല്‍സരങ്ങളില്‍ സമനില വഴങ്ങി മൂന്നും നാലും മല്‍സരങ്ങളില്‍ അഞ്ച് ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്ത് ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഷൂട്ടൗട്ടില്‍ മറികടന്നവര്‍. റോബര്‍ട്ടോ മാന്‍സിനി എന്ന പരിശീലകന് കീഴില്‍ ആകെ മാറിയിരിക്കുന്നു ഇറ്റലിക്കാര്‍. അതിവേഗ ഫുട്‌ബോളാണ് ഇപ്പോള്‍ അവരുടെ ബ്രാന്‍ഡ്. അതിനൊപ്പം സ്‌പെയിന്‍ ഓടിയെത്തുമോ എന്നതാണ് വലിയ ചോദ്യം.
\
ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയത്തെ വേഗതയില്‍ തോല്‍്പ്പിച്ചവരാണ് ഇറ്റലിക്കാര്‍. അതും ആധികാരികമായി. വിംഗുകളില്‍ തീ പടര്‍ത്തുന്നവരാണ് പത്താം നമ്പറുകാരന്‍ ലോറന്‍സോ ഇന്‍സേന്‍, സിറോ ഇമ്മോബില്‍, ഫ്രെഡറികോ ചിയേസ തുടങ്ങിയവര്‍. ഇവര്‍ക്ക് എളുപ്പത്തില്‍ പന്ത് നല്‍കുന്ന ലോകോടെലിയെ പോലുള്ള മധ്യനിരക്കാര്‍. പിന്‍നിരയില്‍ നായകന്‍ ജോര്‍ജിയോ ചെലിനിയും ഫ്രെഡറികോ ബനുച്ചിയുമെല്ലാം കളിക്കുമ്പോള്‍ സ്പിനസോലയുടെ അഭാവമുണ്ട്. ഗോള്‍ വലയത്തില്‍ ജിയാന്‍ ലുയിജി ദോനാരുമയും വിശ്വസ്തനാണ്.
ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയെ മൂന്ന് ഗോളിന് വീഴ്ത്തിയിരുന്നു ഇറ്റലിക്കാര്‍. ആ മല്‍സരം മുതലാണ് ഇറ്റലിക്കാരുടെ വേഗതയില്‍ ഫുട്‌ബോല്‍ ലോകം തരിച്ചുനിന്നത്. അടുത്ത മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ വീണ്ടും മൂന്ന് ഗോള്‍. വെയില്‍സിനെതിരെ ഒരു ഗോള്‍. പ്രി ക്വാര്‍ട്ടറിലേക്ക് വന്നപ്പോള്‍ ഓസ്ട്രിയക്കെതിരെ രണ്ട് ഗോള്‍, ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരെ രണ്ട് ഗോള്‍. അതായത് അഞ്ച് മല്‍സരങ്ങളില്‍ നിന്നായി പതിനൊന്ന് ഗോളുകളാണ് അവര്‍ സ്‌ക്കോര്‍ ചെയ്തത്. ഇറ്റലി എന്ന ടീമില്‍ നിന്നും ഇത്രയും വലി മുന്നേറ്റം പ്രതീക്ഷിച്ചില്ലെങ്കില്‍ സ്പാനിഷ് ടീം ഗോള്‍ വേട്ടയില്‍ പിറകിലായിരുന്നില്ല.
ആദ്യ കളികളിലെ നിരാശക്ക് ശേഷം സ്ലോവാക്യ, ക്രൊയേഷ്യ എന്നിവര്‍ക്കെതിരെ അഞ്ച് ഗോള്‍ വീതം നേടിയുള്ള വിജയങ്ങള്‍. അല്‍വാരോ മൊറാത്ത, ഫെറാന്‍ ടോറസ്, പെദ്രി ഗോണ്‍സാലസ് തുടങ്ങിയ താരങ്ങളാണ് സ്‌പെയിനിന്റെ ഗോള്‍ വേട്ടക്കാര്‍. നായകന്‍ സെര്‍ജിയോ ബുസ്‌ക്കിറ്റസ് നയിക്കുന്ന മധ്യനിരയും ശക്തമാണ്. പ്രശ്‌നം സെര്‍ജിയോ റാമോസ് ഇല്ലാത്ത പിന്‍നിരയാണ്. അവിടെ പതര്‍ച്ച പ്രകടമാണ്. ഗോള്‍ വലയത്തില്‍ ഡേവിഡ് ഡി ഗിയ തിരികെ വന്നാലും വിശ്വാസ്യതയുടെ പ്രശ്‌നമുണ്ട്. ഇറ്റാലിയന്‍ മുന്‍നിരക്കാര്‍ ആക്രമിച്ച് കയറുമ്പോള്‍ പതറിയാല്‍ തിരിച്ചടി ഉറപ്പാണ്. അവസാന മല്‍സരത്തില്‍ ബെല്‍ജിയത്തിനെതിരെ പോലും ആദ്യവസാനം ഇറ്റലിക്കാര്‍ നടത്തിയ ആക്രമണം സ്പാനിഷ് പിന്‍നിരക്കാര്‍ക്ക് തലവേദനയാണ്.