X

ആധികാരിക ജയത്തിന് ഫ്രാന്‍സ്

 

ബുക്കാറസ്റ്റ്: റുമേനിയന്‍ ആസ്ഥാന നഗരിയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന യൂറോ പ്രി ക്വാര്‍ട്ടറില്‍ എല്ലാവരും വ്യക്തമായ സാധ്യത കല്‍പ്പിക്കുന്നത് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന്. സ്വിറ്റ്‌സര്‍ലാന്‍ഡിന് ആരും സാധ്യത കല്‍പ്പിക്കാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമില്ലാതെ ഷെര്‍ദാന്‍ ഷാക്കിരിക്കും കളിക്കാം. ഇവിടെയാണ് മല്‍സരത്തിന്റെ പ്രസക്തി. പരുക്കില്‍ തളര്‍ന്നിരിക്കുന്ന ദീദിയര്‍ ദെഷാംപ്‌സിന്റെ ചാമ്പ്യന്‍ സംഘം. ഇന്ന് ഇടത് വിംഗില്‍ ആര് എന്ന ചോദ്യത്തിന് കോച്ചിന് പോലും ഉത്തരമില്ല. മധ്യനിരയും മുന്‍നിരയും ഗംഭീരമായി കളിക്കുമ്പോള്‍ പിന്‍നിരക്ക് ജോലി ഭാരം കുറയുമെന്ന വിശ്വാസത്തിലാണ് ദെഷാംപ്‌സ്. പക്ഷേ ഇറ്റലിക്കെതിരെ ഓസ്ട്രിയക്കാര്‍ നടത്തിയ മികവ് അദ്ദേഹത്തിന്റെ മനസിലുണ്ടാവും. ലോകകപ്പ് യോഗ്യതയും യുവേഫ നാഷന്‍സ് കപ്പ് പോരാട്ടങ്ങളും ഉള്‍പ്പെടെ ഫ്രാന്‍സും സ്വിറ്റ്‌സര്‍ലാന്‍ഡും അവസാനമായി കണ്ട് മുട്ടിയ ഏഴ് മല്‍സരങ്ങളിലും തല ഉയര്‍ത്തിയത് ഫ്രഞ്ചുകാരാണ്.

2016 ലെ യൂറോ ഫൈനലില്‍ പോര്‍ച്ചുഗലിനോട് തോറ്റ ശേഷം അധികം തോല്‍വിയില്ല ദെഷാംപ്‌സ് സംഘത്തിന്. ലോകകപ്പ് സ്വന്തമാക്കി. യൂറോ യോഗ്യതാ റൗണ്ട് വിജയകരമായി പിന്നിട്ടു. ഇപ്പോഴിതാ യൂറോ ഫൈനല്‍ റൗണ്ടില്‍ ഒരു കളിയിലും തോല്‍വിയില്ല. ജര്‍മനിക്കെതിരായ ആദ്യ മല്‍സരത്തില്‍ വിജയിക്കാനായി. രണ്ടാം മല്‍സരത്തില്‍ ഹംഗറിക്കാരുമായി സമനില വഴങ്ങി. മൂന്നാം മല്‍സരത്തില്‍ പോര്‍ച്ചുഗലുകാര്‍ക്കെതിരെ 2-2 സമനില. സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പേക്ക് ഇത് വരെ സ്‌ക്കോര്‍ പട്ടികയില്‍ സ്ഥാനം ലഭിച്ചിട്ടില്ല എന്നതാണ് വലിയ പ്രശ്‌നങ്ങളിലൊന്ന്. പക്ഷേ സീനിയര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ ഫോം തെളിയിച്ചിരിക്കുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദേശീയ സംഘത്തില്‍ തിരികെയെത്തിയ ബെന്‍സേമ പോര്‍ച്ചുഗലിനെതിരെ ഗംഭീര പ്രകടനവുമായി കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കിയിരുന്നു. ഇരുവര്‍ക്കുമൊപ്പം അന്റോണിയോ ഗ്രിസ്മാനും ചേരുമ്പോള്‍ പേടിക്കാനില്ല. മധ്യനിരയാണ് ഫ്രാന്‍സിന്റെ ശക്തി കേന്ദ്രം. അവിടെ പോള്‍ പോഗ്ബയും നകാലേ കാണ്ടേയും അസാമാന്യ ഫോമില്‍ കളിക്കുന്നു. റഫേല്‍ വരാനേ നയിക്കുന്ന പ്രതിരോധത്തില്‍ ബെഞ്ചമിന്‍ പവാദും കിംബാപ്പേയും സാമുവല്‍ ഉമിതിയുമെല്ലാമുണ്ട്. നായകന്‍ ഹ്യൂഗോ ലോറിസാണ് ഗോള്‍ വല കാക്കുന്നത്.

സ്വീസുകാര്‍ വെയില്‍സിനോട് 1-1 സമനില വഴങ്ങിയാണ് ഗ്രൂപ്പ് എയില്‍ കളി തുടങ്ങിയത്. രണ്ടാം മല്‍സരത്തില്‍ ഇറ്റലിക്കാരോട് മൂന്ന് ഗോള്‍ വഴങ്ങിയപ്പോള്‍ പുറത്തായി എന്നാണ് കരുതിയത്. എന്നാല്‍ അവസാന മല്‍സരത്തില്‍ തുര്‍ക്കിയെ 3-1 ന് തകര്‍ത്താണ് യോഗ്യത നേടിയത്. രണ്ട് ഗോളുമായി മൈതാനം നിറഞ്ഞ ഷെര്‍ദ്ദാന്‍ ഷാക്കിരി തന്നെ ടീമിലെ പ്രധാനി. ഗ്രാനിറ്റ് സാക്ക ഫോമിലേക്ക് വന്നിട്ടില്ല. മരിയോ ഗ്രാനോവിച്ച് ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ കരുത്തരായി കളിച്ചാല്‍ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ സ്വിസ് സംഘത്തിനാവുമെന്നാണ് കരുതപ്പെടുന്നത്. ഗ്രൂപ്പില്‍ ഫ്രാന്‍സ് പതറിയത് സ്‌ക്കോറിംഗിലാണ്. ആദ്യ മല്‍സരത്തില്‍ ജര്‍മനിയോട് രക്ഷപ്പെട്ടത് സെല്‍ഫ് ഗോളിലായിരുന്നു. ഹംഗറിക്കെതിരെ ഒരു ഗോള്‍ മാത്രം. മല്‍സരം രാത്രി 12-30ന്.

Test User: