X

നായകനെ തടയാന്‍ നായകന്‍

 

ലണ്ടന്‍: ഇപ്പോള്‍ തന്നെ ജോര്‍ജിനി ചെലിനി തന്റെ സഹതാരങ്ങളോട് പറയാന്‍ തുടങ്ങിയിരിക്കുന്നു-നിങ്ങള്‍ക്ക് യൂറോ കിരീടം വേണോ, എങ്കില്‍ ഹാരി കെയിനെ തടയണം. അയാളെ കയറൂരി വിടരുത്…. ഇറ്റാലിയന്‍ ടീമിന്റെ നായകന്‍ നല്‍കുന്ന മുന്നറിയിപ്പ് തന്നെ ഏറ്റുപറയുന്നു ഇറ്റലിക്കാര്‍. ടോട്ടനത്തിന്റെയും ഇംഗ്ലണ്ടിന്റെയും നായകന്‍ ഫോമിലേക്ക് തിരികെ വന്നിരിക്കുന്നു. ഗോളിലേക്ക് തിരികെ വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ കരുത്തിലാണ് ഡെന്മാര്‍്ക്കിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ എത്തി നില്‍ക്കുന്നത്. വെംബ്ലിയില്‍ ഇംഗ്ലീഷുകാര്‍ മൊത്തം ഹാരിക്കൊപ്പമുണ്ടാവും. അദ്ദേഹത്തെ തോല്‍പ്പിക്കാനായാല്‍ കാണികളെയും തോല്‍പ്പിക്കാം. അതിനാല്‍ അതിജാഗ്രതക്ക് പകരം ഹാരിയെ തടയുക എന്ന മുദ്രാവാക്യം മറക്കരുതെന്നാണ് അനുഭവ സമ്പന്നനായ ചെലിനിയുടെ വാക്കുകള്‍.

ദീര്‍ഘകാലമായി ഇറ്റാലിയന്‍ സംഘത്തിലെ കോട്ട കാവല്‍ക്കാരനാണ് ചെലിനി. ഗറില്ലാ എന്നാണ് അദ്ദേഹം രാജ്യാന്തര ഫുട്‌ബോളില്‍ അറിയപ്പെടുന്നത്. ഏത് സാഹചര്യത്തിലും ഭദ്രമായി പ്രതിരോധം കാക്കുന്ന കൂറ്റന്‍. അഞ്ച് തവണയാണ് അദ്ദേഹത്തിന്റെ മൂക്കിന് മാത്രം പരുക്കേറ്റത്. മുന്‍നിരക്കാരുടെ പേടി സ്വപ്‌നമാണ് ചെലീനി. 36 ല്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ വീറും വാശിയും കുറയുന്നില്ല. 2014 ലെ ലോകകപ്പിനിടെ ഉറുഗ്വേ താരം ലൂയിസ് സുവാരസുമായി ബന്ധപ്പെട്ട് ചെവി കടിക്കല്‍ വിവാദത്തില്‍പ്പെട്ട ചെലിനി യൂറോയില്‍ പരുക്ക് കാരണം രണ്ട് മല്‍സരങ്ങളില്‍ കളിച്ചിരുന്നില്ല. പക്ഷേ നിര്‍ണായകമായ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ മുന്‍നിര ചാട്ടൂളി റുമേലു ലുക്കാക്കുവിനെ വ്യക്തമായി തടഞ്ഞ് ചെലീനിയായിരുന്നു. സെമിയില്‍ സ്പാനിഷ് മുന്‍നിരക്കാരുടെ വേഗതയെ നിയന്ത്രിക്കുന്നതിലും നായകന്‍ വിജയിച്ചിരുന്നു.

സാഹചര്യങ്ങളെ നോക്കിയാണ് ചെലിനിയുടെ ഇടപെടല്‍. ഫൗള്‍ അത്യാവശ്യമാണെങ്കില്‍ അതിന് മടിക്കാറില്ല. പലപ്പോഴും അദ്ദേഹത്തിന്റെ കൈകളും എതിരാളിയെ വരിഞ്ഞ് മുറുക്കാറുമുണ്ട്. 2019 ല്‍ കാല്‍മുട്ടില്‍ സര്‍ജറി നടത്തിയ ശേഷം സജീവ ഫുട്‌ബോളിലേക്ക് തിരികെ വന്ന ചെലീനി യുവന്തസിന്റെ നായകന്‍ എന്ന നിലയിലും കരുത്തനായണ്. സ്‌പെയിനിനെതിരായ സെമിയിലാവട്ടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് പോയപ്പോള്‍ അവരുടെ നായകന്‍ ജോര്‍ദി ആല്‍ബയുമായി സൗഹൃദം സ്ഥാപിച്ച് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചും അദ്ദേഹം കൈയ്യടി നേടിയിരുന്നു.

Test User: