റിയോ:നാളെ പുലര്‍ച്ചെയാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ആ അങ്കം. മരക്കാനയില്‍ പരമ്പരാഗത വൈരികളായ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം 5-30ന് ആരംഭിക്കുന്ന മല്‍സരത്തിന്റെ അരങ്ങും അണിയറയും ഇപ്പോള്‍ തന്നെ വളരെ സജീവമാണ്. പത്ത് ശതമാനം കാണികള്‍ക്ക് അവസരമുണ്ട്. 78,000 പേര്‍ക്കാണ് സ്‌റ്റേഡിയത്തില്‍ മൊത്തം ഇരിപ്പിടം. ഇതില്‍ 7,800 പേര്‍ക്കാണ് ടിക്കറ്റ് നല്‍കുക. ഇവരെല്ലാം ബ്രസീലുകാരായിരിക്കും. നെയ്മറെ സൂക്ഷിക്കണമെന്ന് അര്‍ജന്റീന നായകന്‍ ലിയോ മെസി സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മെസിയെന്ന ശക്തിയെ കരുത്തോടെ നേരിടണമെന്ന് നെയ്മര്‍ വ്യക്തമാക്കി. പക്ഷേ രണ്ട് പേരും പരസ്പര ബഹുമാനത്തോടെയാണ് സംസാരിച്ചത്. നെയ്മറിന്റെ വ്യക്തിഗത മികവ് അപാരമാണെന്ന് മെസി വ്യക്തമാക്കി. ബ്രസീല്‍ സംഘത്തില്‍ ഏറെ പേടിക്കേണ്ടതെന്നും നെയ്മറെ തന്നെ. അദ്ദേഹത്തിന്റെ വേഗതയും അനുഭവ സമ്പത്തും അപാരമാണ്. നമ്മുടെ ബോക്‌സില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ നെയ്മര്‍ക്കാവും. അതിനാല്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് 34 കാരനായ നായകന്‍ പറയുമ്പോള്‍ നെയ്മറും ബഹുമാനത്തില്‍ കുറയുന്നില്ല. ലോകത്തെ ഏറ്റവും മികച്ച താരമാണ് മെസി. ഏത് സാഹചര്യത്തെയും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന താരം. അദ്ദേഹത്തിന്റെ വേഗതയെയും പന്തടക്കത്തെയും പാസുകളെയും ഫ്രികിക്കുകളെയും പേടിക്കണമെന്നാണ് നെയ്മര്‍ പറയുന്നത്.
ഫുട്‌ബോള്‍ ലോകവും രണ്ട് പേരുടെയും വാക്കുകളെ ബഹുമാനിക്കുന്നു. ഇവര്‍ തന്നെയാണ് നാളത്തെ പോരാട്ടത്തിലെ നിര്‍ണായക ശക്തി. രണ്ട് പേരും ഫോമിലാണ്. മെസി നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നല്‍കി കഴിഞ്ഞു. പക്ഷേ പ്രശ്‌നം അദ്ദേഹത്തിന്റെ ആരോഗ്യമാണ്. കൊളംബിയക്കെതിരായ സെമിയില്‍ കണങ്കാലിന് പരുക്കേറ്റിരുന്നു. മല്‍സരത്തിന്റെ 55-ാം മിനുട്ടിലെ പരുക്കിന് ശേഷം വേദന സഹിച്ചാണ് അദ്ദേഹം കളിച്ചത്. പക്ഷേ ഇന്നലെ പരിശീലനത്തില്‍ മെസിയുണ്ടയിരുന്നു. കോച്ച് ലയണല്‍ സ്‌കലോനി പറഞ്ഞത് അദ്ദേഹം കളിക്കുമെന്ന് തന്നെയാണ്. മെസി കളിക്കാത്ത സാഹചര്യം വന്നാല്‍ അത് അര്‍ജന്റീനക്ക് കനത്ത ആഗാതമാവും. കാരണം അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് ടീമിന്റെ ഗെയിം പ്ലാന്‍ തന്നെ. രാജ്യത്തിന് ഇത് വരെ വലിയ കിരീടം സമ്മാനിക്കാന്‍ കഴിയാത്ത താരമെന്ന നിലയില്‍ കനത്ത സമ്മര്‍ദ്ദത്തിലും വേദനയിലും മെസി സാഹസികമായി തന്നെ കളിക്കുമെന്ന് അര്‍ജന്റീനക്കാര്‍ കരുതുമ്പോള്‍ ടീം ഒന്നടങ്കം അദ്ദേഹത്തിന് പിറകിലുണ്ട്. മെസിക്ക് ഒരു കിരീടമെന്നത് തന്നെയാണ് ടീമിന്റെ മുദ്രാവാക്യം. സീനിയര്‍ താരങ്ങളായ സെര്‍ജി അഗ്യൂറോ, എയ്ഞ്ചലോ ഡി മരിയ, നിക്കോളാസ് ഓട്ടോമെന്‍ഡി തുടങ്ങിയവരെല്ലാം ഏറ്റവും മികച്ച പോരാട്ടമാണ ഉറപ്പ് നല്‍കുന്നത്.
മെസിയുമായി വ്യക്തിപരമായി നല്ല സൗഹൃദമുള്ള താരമാണ് നെയ്മര്‍. ബാര്‍സിലോണക്കായി ഒരുമിച്ച് കളിച്ചവര്‍. നെയ്മര്‍ ബാര്‍സ വിട്ട ശേഷം പക്ഷേ രണ്ട് പേരും മുഖാമുഖം വന്നിട്ടില്ല. നെയ്മറുടെ വേഗതയും പാസുകളുമാണ് ബ്രസീലിന്റെ കരുത്തില്‍ ഇത് വരെ നിര്‍ണായകമായത്. സെമിയില്‍ പെറുവിനെ തോല്‍പ്പിക്കാന്‍ പക്വാറ്റക്ക് കൃത്യമായി പന്ത് നല്‍കിയത് നെയ്മറായിരുന്നു. ആ ഗോളിന് മുമ്പ് നെയ്മറിന്റെ വേഗ നീക്കത്തില്‍ നിന്നും പെറു രക്ഷപ്പെടുകയും ചെയ്തിരുന്നു. മുന്‍നിരയില്‍ മെസിയുടെ ഡ്രിബഌഗും നല്ല പാസുകളുമാവുമ്പോള്‍ അത് ഉപയോഗപ്പെടുത്താന്‍ പക്ഷേ ഗബ്രീയേല്‍ ജീസസ് ഇല്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിക്കെതിരെ മാരകാമായ ഫൗളിന് ചുവപ്പ് കാര്‍ഡ് കിട്ടിയ ജീസസ് സെമിയിലെ വിലക്കിന് ശേഷം ഫൈനലില്‍ കളിക്കുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക സമിതി വിലക്ക് രണ്ട് മല്‍സരങ്ങളാക്കിയതിനാലാണ് മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന് പുറത്തിരിക്കേണ്ടി വരുന്നത്. മാര്‍ക്കിഞ്ഞസ്, വിനീഷ്യസ് ജൂനിയര്‍, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ക്ക് അവസരമുറപ്പില്ല.
മധ്യനിരയില്‍ ബ്രസീലിന്റെ ശക്തി റയല്‍ മാഡ്രിഡിന്റെ കാസിമിറോ തന്നെ. കോച്ച് ടിറ്റേ അദ്ദേഹത്തെ ഫൈനലിന് വേണ്ടി റിസര്‍വ് ചെയ്തിരിക്കയാംണ്. ലുകാസ് പാക്വറ്റ, ഫാബിഞ്ഞോ തുടങ്ങിയവരുടെ സാന്നിദ്ധ്യവും ഉറപ്പാണ്. പിന്‍നിരയില്‍ സീനിയര്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ പക്ഷേ ഫോമില്ലല്ല. സെമിയില്‍ അദ്ദേഹം നിരാശപ്പെടുത്തിയെങ്കിലും അര്‍ജന്റീനയെ പോലെ ഒരു പ്രതിയോഗിക്കെതിരെ കോച്ച് ടിറ്റേ പരീക്ഷണത്തിന് മുതിരില്ല. റയലിന്റെ ഡിഫന്‍ഡര്‍ ഇദര്‍ മിലീഷ്യോ ആദ്യ ഇലവനില്‍ വരുമ്പോള്‍ എഡേഴ്‌സണായിരിക്കും ഗോള്‍ വലയത്തില്‍.അര്‍ജന്റീനയുടെ വല കാക്കുക ആസറ്റണ്‍ വില്ലയുടെ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനസ് തന്നെ. സെമിയിലെ ഷൂട്ടൗട്ട് മികവിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പിന്‍നിരയില്‍ പക്ഷേ പ്രശ്‌നങ്ങള്‍ ധാരാളം. ലുക്കാസ് മാര്‍ട്ടിനസ്, കൃസ്റ്റിയന്‍ റൊമീറോ, ജുവാന്‍ ഫോയിത്, നിക്കോളാസ് ഓട്ടോമെന്‍ഡി എന്നിവരൊന്നും വിശ്വാസ്യത കാക്കുന്നില്ല. റൊമീറോയുടെ പരുക്ക് പ്രശ്‌നമാണ്. വലത് ഭാഗത്ത് ഗോണ്‍സാലോ മോണ്‍ടിയലിനെ കോച്ച് പരീക്ഷിച്ചേക്കാം. ഇടത് മാര്‍ക്കസ് അകുന വന്നേക്കാം.
കൊളംബിയക്കെതിരായ സെമി തന്നെ വലിയ ഉദാഹരണം. ആദ്യ പകുതിയില്‍ ലീഡ് നേടിയിട്ടും പിന്നെ പിന്‍നിരക്കാരുടെ ജാഗ്രത കുറവിലാണ് ടീം സമനില വഴങ്ങിയത്. മധ്യനിരയില്‍ എയ്‌ഞ്ചോലോ ഡി മരിയക്ക് ആദ്യ ഇലവനില്‍ അവസരമുണ്ടാവില്ല. ലിയനാര്‍ഡോ പെരഡസ് ഫോമിലാണ്. റോഡ്രിഗോ ഡി പോള്‍ ഗോള്‍ നേടുന്നതില്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്. മുന്‍നിരയില്‍ മെസിക്കൊപ്പം ലത്തുറോ മാര്‍ട്ടിനസും നിക്കോളാസ് ഗോണ്‍സാലസും വരും.