ബ്രസീലിയ: ഗാരിഞ്ച സ്‌റ്റേഡിയത്തില്‍ ഇന്ന് തീപ്പാറുമോ…? കോപ്പ രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീനയും കൊളംബിയയും ഏറ്റുമുട്ടുമ്പോള്‍ ലിയോ മെസി ഫാന്‍സ് ആഗ്രഹിക്കുന്നത് മല്‍സരം ഏകപക്ഷീയമാവാനാണ്. പക്ഷേ ജെയിംസ് റോഡ്രിഗസ് എന്ന ഗോള്‍ വേട്ടക്കാരനില്ലെങ്കിലും കൊളംബിയക്കാരെ ആരും എഴുതിത്തള്ളുന്നില്ല. താരബലവും പാരമ്പര്യവുമെല്ലാം നോക്കിയാല്‍ ബഹുദൂരം മുന്നിലാണ് അര്‍ജന്റീന. പക്ഷേ ലാറ്റിനമേരിക്കന്‍ സോക്കറില്‍ വ്യക്തമായ സ്ഥാനമുള്ളവരാണ് കൊളംബിയക്കാര്‍. ഡേവിഡ് ഒസ്പിന എന്ന 32 കാരനായ ഗോള്‍ക്കീപ്പര്‍ കരുത്തനായി നില്‍ക്കുമ്പോള്‍ യാരി മിന, ഡേവിഡ്‌സണ്‍ സാഞ്ചസ്, ലൂയിസ് ഡയസ്, ലൂയിസ് മുറിയല്‍ തുടങ്ങിയവരെല്ലാം കരുത്തരാണ്.
മല്‍സരത്തില്‍ വ്യക്തമായ മുന്‍ത്തൂക്കം അര്‍ജന്റീനക്ക് നല്‍കാനുള്ള കാരണം അവരുടെ സൂപ്പര്‍ നായകന്‍ തന്നെ. 34 ല്‍ നില്‍ക്കുന്ന ലിയോ മെസി അപാര ഫോമിലാണ്. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ മൂന്ന് ഗോളിന് അര്‍ജന്റീന കസറിയത് നായകന്റെ കരുത്തിലാണ്. രണ്ട് ഗോളുകള്‍ക്ക് പന്ത് നല്‍കിയ അദ്ദേഹം മൂന്നാം ഗോള്‍ സുന്ദരമായ ഫ്രികിക്കിലുടെ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. എന്നാല്‍ വലിയ പ്രശ്‌നം നിര്‍ണായക ഘട്ടത്തില്‍ ടീം പതറുന്നു എന്നതാണ്. പ്രതിരോധത്തില്‍ പഴയത് പോലെ വിശ്വസ്തരില്ല. മധ്യനിരയും മുന്‍നിരയും സമ്പന്നമായത് കൊണ്ടാണ് തോല്‍വികളറിയാതെ ടീം മുന്നേറിയത്. ഇന്നത്തെ നിര്‍ണായക അങ്കത്തില്‍ സെന്റര്‍ ബാക്ക് കൃസ്റ്റിയന്‍ റോമിറോയുടെ സേവനം അര്‍ജന്റീനക്കില്ല. പരുക്ക് കാരണം ഇറ്റാലിയന്‍ സിരിയ എ യില്‍ അറ്റ്‌ലാന്റക്കായി കളിക്കുന്ന താരം പരുക്കിലാണ്. പക്ഷേ പരിശീലകന്‍ ലയണല്‍ സ്‌കലോനിക്ക് മുന്നില്‍ ധാരാളം ഓപ്ഷനുകളുണ്ട്. മുന്‍നിരയില്‍ മെസിക്കൊപ്പം ഇന്ന് സെര്‍ജി അഗ്യുറോയും ലത്തൂറോ മാര്‍ട്ടിനസും വരുമ്പോള്‍ മധ്യനിരയിലെ പ്രധാന റോള്‍ എയ്ഞ്ചലോ ഡി മരിയക്കായിരിക്കും.
പ്രതിരോധത്തിലെ അനുഭവ സമ്പന്നന്‍ നിക്കോളാസ് ഓട്ടോമെന്‍ഡിയാണ്. മധ്യനിരയിലേക്ക് വരുമ്പോള്‍ മാര്‍ക്കോസ് അകുന, റോഡ്രിഗോ ഡി പോള്‍, ലിയനാര്‍ഡോ പരെഡെസ് എന്നിവരെല്ലാമുണ്ട്. രണ്ട് ടീമുകളും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കളി 2-2 ല്‍ അവസാനിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ അറ്റ്‌ലാന്റയുടെ സെന്റര്‍ ബാക് കൃസ്റ്റിയന്‍ റോമിറോ, പി.എസ്.ജി മധ്യനിരക്കാരന്‍ പരെഡെസ് എന്നിവരുടെ ഗോളുകളില്‍ അര്‍ജന്റീന മുന്നില്‍ കയറിയപ്പോള്‍ രണ്ടാം പകുതിയില്‍ ലൂയിസ് മുറിയല്‍, മിഖായേല്‍ ബോര്‍ജ എന്നിവരുടെ ഗോളുകളിലുടെ കൊളംബിയ സമനില പാലിക്കുകയായിരുന്നു