തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം എന്ന നിലയ്ക്ക് കേരള നിയമസഭ പ്രമേയം പാസാക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും പ്രതിപക്ഷ നേതാവിനും കത്ത് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് അധിനിവേശം ലക്ഷദ്വീപിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും നിലനില്പിനെയും തൊഴില്‍ യാത്ര ജനാതിപത്യ പ്രക്രിയയിലെ പങ്കാളിത്തം ഭക്ഷണരീതികള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും യാതൊരു ജനാധിപത്യ മര്യാദയും കാണിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ അഡ്മിനിസ്ട്രേറ്റിവ് ഭരണത്തണലില്‍ നടപ്പിലാക്കുന്ന സംഘപരിവാര്‍ അജന്‍ഡയ്‌ക്കെതിരെയാണ് ലക്ഷദ്വീപ് ജനതയുടെ പോരാട്ടമെന്നും അതിന് മലയാളി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നുമാണ് ആവശ്യം.
ഷാഫി പറമ്പില്‍ എം എല്‍എയുടെ കത്തിന്റെ പൂര്‍ണ്ണ രൂപം
ലക്ഷദ്വീപില്‍ നടക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള സാംസ്‌കാരിക അധിനിവേശമാണ്. ആ ഫാഷിസ്റ്റ് പ്രക്രിയയുടെ ഒരു ഉപകരണം മാത്രമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍.
ലക്ഷദ്വീപിലെ ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തേണ്ടുന്നത് ഓരോ ജനാധിപത്യ ബോധമുള്ള ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ്.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഉദാത്തമായ വേദിയാണ് കേരള നിയമസഭ. മുന്‍ കാലങ്ങളിലെ പോലെ ഈ ഫാഷിസ്റ്റ് അതിക്രമത്തിനെതിരെയുള്ള യോജിച്ച ശബ്ദവും കേരള നിയമസഭയില്‍ നിന്ന് മുഴങ്ങുവാന്‍, ഒരു ഐക്യദാര്‍ഢ്യ പ്രമേയം പാസാക്കുവാന്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ക്കും, മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കത്ത് നല്കി.