X

3856 പാസുകള്‍, പക്ഷേ ആരടിക്കും ഗോള്‍

ലണ്ടന്‍: യൂറോ സെമിയില്‍ ഇന്ന് ഇറ്റലിക്കെതിരെ കളിക്കുമ്പോള്‍ സ്്പെയിന്‍ നേരിടുന്നത് വലിയ ചോദ്യങ്ങള്‍..? ആരാണ് ടീമിനായി സ്‌ക്കോര്‍ ചെയ്യുക…? മുന്‍നിരയില്‍ അതിവേഗക്കരായ സ്‌ട്രൈക്കര്‍മാരുമായി ഇറ്റലിയിറങ്ങുമ്പോള്‍ അതേ മൂര്‍ഛയുള്ള ഗോള്‍വേട്ടക്കാര്‍ സ്പാനിഷ് സംഘത്തില്‍ ഇല്ല. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ ക്വാര്‍ട്ടറില്‍ തന്നെ ടീം രക്ഷപ്പെട്ടത് ഷൂട്ടൗട്ടിലായിരുന്നു. ക്രൊയേഷ്യക്കെതിരായ പ്രി ക്വാര്‍ട്ടറില്‍ അഞ്ച് ഗോള്‍ നേടാനായപ്പോഴും നിശ്ചിത സമയ പോരാട്ടത്തില്‍ സ്‌ക്കോര്‍ 3-3 ലായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ 12 ഗോളുകള്‍ ഇതിനകം ടീം നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് ഗോളുകള്‍ സ്ലോവാക്യക്കെതിരെ ആയിരുന്നു.

ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം സമയം മൈതാനത്ത് കളിച്ചവര്‍ സ്പാനിഷ് ടീമാണ്. രണ്ട് മല്‍സരങ്ങളില്‍ അധികസമയം പോരാട്ടം. സ്വിറ്റ്്‌സര്‍ലാന്‍ഡിനെതിരെ 28 ഷോട്ടുകള്‍ ലൂയിസ് എന്‍ട്രികെയുടെ ടീം പായിച്ചിരുന്നു. എന്നാല്‍ പത്ത് ഷോട്ടുകള്‍ മാത്രമാണ് പോസ്റ്റിലേക്ക് വന്നത്. ഇവയാവട്ടെ ദുര്‍ബലമായ കിക്കുകളായിരുന്നു. അല്‍വാരോ മോറാത്തയെ പോലെ അനുഭവ സമ്പന്നരുണ്ടായിട്ടും പ്രതിയോഗികളുടെ ഗോള്‍മുഖത്ത് മിന്നല്‍ പിണരാവാന്‍ മുന്‍നിരക്കാര്‍ക്കുമാവുന്നില്ല.

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ഗോള്‍ക്കീപ്പര്‍ ഉനൈ സിമോണായിരുന്നു കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്. യുവന്തസ് താരം അല്‍വാരോ മൊറാത്തയാണ് ഗോള്‍ വേട്ടയില്‍ ഒന്നാമന്‍. പക്ഷേ അദ്ദേഹത്തിനെതിരെ പലപ്പോവും വിമര്‍ശനമുയര്‍ന്നിരുന്നു. അവസരങ്ങള്‍ പാഴാക്കുന്നതിന്റെ പേരില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യം തന്നെ അദ്ദേഹത്തെയാണ് കോച്ച് എന്‍ട്രികെ മാറ്റിയത്. ജെറാര്‍ഡ് മോറീനോയാണ് പകരം കളിച്ചത്. എന്നാല്‍ വില്ലാ റയലിന്റെ താരത്തിനും കാര്യമായ സ്വാധീനം ചെലുത്താനായില്ല.

പാസിംഗ് കാര്യത്തില്‍ സ്പയിന്‍ പക്ഷേ മുന്‍പന്തിയിലാണ്. 3856 പാസുകളാണ് ഇതിനകം ടീം നല്‍കിയത്. പക്ഷേ ആ പാസിംഗ് ഗെയിമിലും കൂടുതല്‍ ഗോളുകള്‍ പിറക്കുന്നില്ല എന്നതാണ് സത്യം. ടീം ഇതിനകം നേടിയ 12 ഗോളുകള്‍ നേടിയത് ആറ് പേരാണ്. ഇറ്റാലിയന്‍ പ്രതിരോധം ശക്തമായതിനാല്‍ ഇന്ന് സ്പാനിഷ് നിരക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല

 

Test User: