കഴിഞ്ഞ വര്‍ഷം സൌദിയിലെ തൊഴില്‍ തര്‍ക്കങ്ങളില്‍ 73 ശതമാനവും രമ്യമായി പരിഹരിച്ചതായി മാനവ വിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘വുദി’ എന്ന സൗഹൃദ സംവിധാനത്തിലൂടെയാണ് തൊഴില്‍ തര്‍ക്കങ്ങളില്‍ 73 ശതമാനവും രമ്യമായി പരിഹരിക്കാന്‍ സാധിച്ചത്. കൂടാതെ പ്രശ്നപരിഹാരത്തിന്‍്റെ ശരാശരി ദൈര്‍ഘ്യം 40 ദിവസത്തില്‍നിന്ന് അഞ്ച് പ്രവൃത്തി ദിവസമായി കുറക്കുവാനും സൌഹൃദ സംവിധാനത്തിലൂടെ സാധിച്ചു.
നൂറ് ശതമാനവും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് സൗഹൃദ പരിഹാര സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ തര്‍ക്കങ്ങള്‍ സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമിക്കുക. ഇതിലൂടെ പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ ഇരുകക്ഷികള്‍ക്കും തൃപ്തികരമായ രീതിയില്‍ മധ്യസ്ഥതക്കും ശ്രമിക്കും. ഈ ശ്രമവും പരാജയപ്പെട്ടാല്‍ ആദ്യ സെഷന്റെ തീയതി മുതല്‍ 21 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കേസ് ലേബര്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.