X

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ പൊലീസ്

അരുണ്‍ ചാമ്പക്കടവ്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം നടന്നിട്ട് രണ്ട് മാസം പിന്നിട്ടും പ്രതികളെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍. ആശ്രമത്തിന് നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടുക പോയിട്ട് അക്രമികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാനാകാതെ നിലയിലാണ് പൊലീസ് അന്വേഷണമെന്നാണ് വിവരം.

പ്രതികളെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചന്ദ്രികയോട് പ്രതികരിച്ചു. ശബരിമലയിലെ യുവതീ പ്രവേശനവിവാദത്തിനിടയില്‍ നടന്ന ആക്രമം ആര്‍.എസ്.എസ് നടത്തിയതാണെന്ന ആരോപണമുണ്ടായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അക്രമികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചന്ദ്രികയോട് പ്രതികരിച്ചത്. കേസില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. സമീപ പ്രദേശത്തെ സിസിറ്റിവികള്‍ പ്രവര്‍ത്തനരഹിതമായത് അന്വേഷണത്തെ കാര്യമായി ബാധിച്ചിരുന്നു . രണ്ട് കാറും ബൈക്കുമാണ് അക്രമികള്‍ ഒക്ടോബര്‍ 27 ന് അര്‍ദ്ധരാത്രിയില്‍ തീ ഇട്ട് നശിപ്പിച്ചത്. ആശ്രമത്തിലെ പോര്‍ച്ചും കത്തി നശിക്കുകയും ആശ്രമത്തിന് മുന്നില്‍ റീത്ത് സമര്‍പ്പിക്കുകയും ചെയ്തിരുന്നു .

ആക്രമത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ നിമിഷങ്ങള്‍ക്കകം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സംഭവം കഴിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് യാതൊരു സൂചനയും പോലിസിന് ലഭിച്ചിട്ടില്ലെന്നത് ദുരൂഹത ഉണ്ടാക്കുന്നതാണ്. അക്രമത്തിന് പിന്നില്‍ പി എസ് ശ്രീധരന്‍ പിള്ളയും , പന്തളം കൊട്ടാരവും തന്ത്രി കുടുംബാംഗങ്ങളുമാണെന്ന് സന്ദീപനന്ദഗിരി ആരോപിച്ചിരുന്നു. ശബരിമല വിഷയത്തിന്റെ തുടക്കസമയത്തുണ്ടായ ആക്രമണത്തില്‍ പ്രതികളെ രണ്ട് മാസം പിന്നിട്ടും ഇത് വരെ പിടികൂടാന്‍ കഴിയാത്തതില്‍ ആഭ്യന്തരവകുപ്പും , സിപിഎമ്മിലെ ഒരു വിഭാഗം പ്രതിസന്ധിയിലാണ് .

chandrika: