സബര്‍ബന്‍ റെയിലിന്‍റെ രണ്ടാംഘട്ട പാതയുടെ നിര്‍മാണപ്രവര്‍ത്തന നടപടികള്‍ പുരോഗമിക്കുന്നു. ഇതിനായുള്ള ടെന്‍ഡര്‍ കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് എന്‍റര്‍പ്രൈസസ് (കെ-റൈഡ്) ക്ഷണിച്ചു.ഹീലലിഗെക്കും രാജനകുണ്ഡെക്കുമിടയിലെ 46.24 കിലോമീറ്റര്‍ പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുക. ബംഗളൂരുവിനെ റെയില്‍വേ ലൈന്‍വഴി അയല്‍ ഗ്രാമങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ് സബര്‍ബന്‍ റെയില്‍പദ്ധതി. നിലവിലുള്ള ട്രാക്കുകള്‍ക്ക് സമാന്തരമായി ബ്രോഡ്‌ഗേജ് ട്രാക്കായിരിക്കും സ്ഥാപിക്കുക. ഹീലലിഗെ-രാജനകുണ്ഡെ പാതയില്‍ 19 സ്റ്റേഷനുകളുണ്ടാകും.
രാജനകുണ്ഡെ, മുദ്ദെനഹള്ളി, യെലഹങ്ക, ജക്കൂര്‍, ഹെഗ്‌ഡെ നഗര്‍, തനിസാന്ദ്ര, ഹെന്നൂര്‍, ഹൊറമാവ്, ചന്നസാന്ദ്ര, ബെന്നിഗെനഹള്ളി, കഗ്ഗദാസപുര, മാറത്തഹള്ളി, ബെലന്ദൂര്‍ റോഡ്, കര്‍മലാരം, അംബേദ്കര്‍ നഗര്‍, ഹസ്‌കൂര്‍, സിംഗാര അഗ്രഹാര, ബൊമ്മസാന്ദ്ര, ഹീലലിഗെ എന്നിവയാകും സ്റ്റേഷനുകള്‍.കര്‍ണാടക സര്‍ക്കാറിന്‍റെയും റെയില്‍വേ മന്ത്രാലയത്തിന്‍റെയും സംയുക്ത സംരംഭമായ കെ റൈഡ് ആണ് നഗരത്തില്‍ 148 കിലോമീറ്റര്‍ സബര്‍ബന്‍ റെയില്‍പദ്ധതി പൂര്‍ത്തിയാക്കുന്നത്. 15,767 കോടി രൂപയാണ് ആകെ ചെലവ്. കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറും 20 ശതമാനം വീതം വഹിക്കും.
സബര്‍ബന്‍ റെയിലിന് നാല് ഇടനാഴികളാണുള്ളത്. കെ.എസ്.ആര്‍. ബംഗളൂരു – ദേവനഹള്ളി (41 കിലോമീറ്റര്‍), ബൈയപ്പനഹള്ളി – ചിക്കബാനവാര (25.14 കിലോമീറ്റര്‍), കെങ്കേരി – വൈറ്റ്ഫീല്‍ഡ് (35.52 കിലോമീറ്റര്‍), ഹീലലിഗെ – രാജന്‍കുണ്ഡെ (46.24 കിലോമീറ്റര്‍) എന്നിവയാണ് ഇടനാഴികള്‍.ബൈയപ്പനഹള്ളിക്കും ചിക്കബാനവാരക്കുമിടയിലുള്ള 25.14 കിലോമീറ്റര്‍ പാതയുടെ ടെന്‍ഡര്‍ നേരത്തേ ക്ഷണിച്ചിരുന്നു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്ബനിയാണ് കരാര്‍ ഏറ്റെടുത്തത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റെയില്‍വേയുടെ 157 ഏക്കര്‍ സ്ഥലം കെ റൈഡിന് കൈമാറി. കഴിഞ്ഞ സെപ്റ്റംബറില്‍ നിര്‍മാണ ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും ഭൂമികൈമാറ്റം നടക്കാത്തതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ച വേഗതയുണ്ടായില്ല. ഇനി കെ.എസ്.ആര്‍. ബംഗളൂരു- ദേവനഹള്ളി, കെങ്കേരി- കന്‍റോണ്‍മെന്‍റ്-വൈറ്റ്ഫീല്‍ഡ് പാതകള്‍ക്കുള്ള ടെന്‍ഡര്‍ നടപടികളും നടക്കണം.