X

വാക്സിന്‍ ആശങ്കകള്‍ക്ക് വൈകാതെ പരിഹാരം: ഇന്ത്യന്‍ അംബാസഡര്‍

കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ കുടുങ്ങി കഴിയുന്ന പ്രവാസികള്‍ക്ക് പരമാവധി സഹായങ്ങളുമായി ഇന്ത്യന്‍ എംബസ്സി . വാക്‌സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടന്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് അറിയിച്ചു.

സഊദി അംഗീകരിച്ച വാക്‌സിന്‍ ഫുള്‍ ഡോസ് എടുത്ത് വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷന്‍ കൊറന്റൈനില്ലാതെ തന്നെ രാജ്യത്തേക്കെത്താവുന്നതാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള പി സി ആര്‍ നെഗറ്റീവ് സര്‍ടിഫിക്കറ്റിനോടൊപ്പം ഏഴ് ദിവസത്തെ കൊറന്റൈന്‍ നിര്‍ബന്ധമാണ്. വാക്‌സിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പത്തിന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് പരിഹാരം കാണാനുള്ള ശ്രമം തുടരുമെന്നും അംബാസഡര്‍ വിശദീകരിച്ചു. സഊദിയിലെ സാമൂഹ്യ പ്രവര്‍ത്തകരുമായും മാധ്യമ പ്രവര്‍ത്തകരുമായുമുള്ള ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അംബാസഡര്‍.

നാട്ടില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത പ്രവാസികളെ സഊദിയിലെ വിമാനത്താവളങ്ങളില്‍ നിന്നും ഇന്‍സ്റ്റിറ്റിയൂഷന്‍ കൊറന്റൈനിലേക്ക് അയക്കുന്നത് സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും അനന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. കോവിഷീല്‍ഡ് ഫുള്‍ ഡോസ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് കൊറന്റൈനിലക്ക് പോകേണ്ടി വരില്ല.
കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനിക്ക എന്ന് കൂടി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും കോവിഡ് സെല്ലിനും അടിയന്തര സന്ദേശമയച്ചിട്ടുണ്ട്. അതോടൊപ്പം പ്രവാസികള്‍ വാക്‌സിന്‍ രജിസ്ട്രേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡിന് പകരം പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കണം. ഈയാവശ്യവും കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ബോധവല്‍ക്കരണം നല്കാന്‍ പ്രവാസി സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും നാട്ടിലുളളവരും ജാഗ്രത പുലര്‍ത്തണം.

കൂടാതെ സഊദിയില്‍ അംഗീകാരമില്ലാത്ത കോവാക്‌സിന്‍ എടുത്ത പ്രവാസികളുടെ കാര്യത്തിലും സഊദി ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടുവരികയാണ്. നിലവില്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള വാക്‌സിന്‍ മാത്രമാണ് സഊദിയില്‍ അനുമതിയുള്ളത്. ഇന്ത്യയില്‍ തുടക്കത്തില്‍ ഭൂരിഭാഗവും കോവാക്‌സിന്‍ ആണ് എടുത്തിട്ടുള്ളത്. ഇതില്‍ നല്ലൊരു ശതമാനം പ്രവാസികളാണ് . ഇക്കാര്യം സഊദി ആരോഗ്യമന്ത്രാലയത്തിന്റെ സജീവ ശ്രദ്ദയില്‍ പെടുത്തിയിട്ടുണ്ട്.

കൂടാതെ സഊദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ എടുത്ത് നാട്ടില്‍ പോയി രണ്ടാം ഡോസ് എടുക്കുന്നവരുടെയും ഇന്ത്യയില്‍ നിന്ന് ഒരു ഡോസ് എടുത്ത് സഊദിയില്‍ വെച്ച് രണ്ടാം ഡോസ് എടുക്കുന്നവരുടെയും വിവരങ്ങള്‍ തവക്കല്‍ന ആപ്പില്‍ അപ്ഡേറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തിലും സഊദി മന്ത്രാലയങ്ങളുമായി ബന്ധപെട്ടു വരികയാണ്. ഇത് സംബന്ധമായി പൂര്‍ണ്ണമായ ചിത്രം വൈകാതെ വ്യക്തമാകും. ബഹ്റൈന്‍ കോസ്വേ വഴി വന്ന രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവരെ തിരിച്ചയച്ച നടപടിയില്‍ ബഹ്റൈനിലെയും സഊദിയിലെയും എംബസികള്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും അംബാസഡര്‍ പറഞ്ഞു. 1500 ഓളം പേര്‍ ഇപ്പോഴും ബഹ്റൈനില്‍ ഇതുമൂലം കുടുങ്ങി കിടക്കുന്നുവെന്നാണ് ലഭിച്ച വിവരം. യാത്ര വിലക്ക് ഏര്‍പെടുത്താത്ത രാജ്യങ്ങള്‍ വഴി സഊദിയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ നേരിടുന്ന വിഷയങ്ങളില്‍ എംബസിക്ക് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളിലെല്ലാം സജീവ ഇടപെടല്‍ നടത്തുന്നുണ്ട്.

നേരത്തെ നേപ്പാളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഊദിയിലെത്തിക്കുന്നതില്‍ എംബസി സജീവമായി ഇടപെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്വറന്റൈനില്‍ ഇളവുകള്‍ ഉണ്ടെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല, ഇതുമൂലം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത് . ഇക്കാര്യവും അധികൃതരുമായി പങ്ക് വെച്ചിട്ടുണ്ട്.

Test User: