X
    Categories: MoreViews

സംസ്ഥാനത്തുണ്ടായത് ഡാം ദുരന്തമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതാണ് ദുരന്തമുണ്ടാക്കിയതെന്നും ഡാമുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ പാലിച്ചില്ലെന്നും യു.ഡി.എഫ് യോഗം. ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലുണ്ടായത് ഡാം ദുരന്തമാണ്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന യാതൊരുവിധ നടപടി ക്രമങ്ങളും പാലിച്ചില്ല. ദുരിതാശ്വാസ ക്യാമ്പുകള്‍ കൈയ്യടക്കാന്‍ സി.പി.എം ശ്രമിക്കുന്നു. പ്രതിപക്ഷം സര്‍ക്കാറിനൊപ്പം ചേര്‍ന്നുനിന്നാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. സി.പി.എം പ്രവര്‍ത്തകര്‍ ദുരന്തമായി മാറി. ക്യാമ്പുകളില്‍ സന്നദ്ധ സംഘടനകള്‍ എത്തിക്കുന്ന സാധനങ്ങള്‍ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് സി.പി.എം പ്രവര്‍ത്തകര്‍ അവരുടെ ബാനറുകള്‍ ഉപയോഗിച്ചാണ് വിതരണം ചെയ്യുന്നത്. സംഘടിത ആക്രമണമാണ് പൊലീസ് സഹായത്തോടെ നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ കൈപ്പിടിയില്‍ ഒതുക്കാനുള്ള സി.പി.എം ശ്രമം കാരണം ക്യാമ്പുകളില്‍ അരാജകത്വം നിലനില്‍ക്കുന്നു. ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ ഇവിടങ്ങളില്‍ ദുരന്തമായി മാറിയിരിക്കുന്നു. സി.പി.എം ഭീഷണിയെ തുടര്‍ന്ന് കല്‍പ്പറ്റ വില്ലേജ് ഓഫീസര്‍ ആത്മഹത്യ്ക്ക് ശ്രമിച്ചു. പത്തോളം ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമല്ലാതെ ഒന്നും കിട്ടിയില്ല. ദുരിതബാധിതര്‍ക്ക് 3,500 രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. പിന്നീട് ഇത് 10,000 രൂപയാക്കി. എന്നാല്‍ ഇതുവരെ യാതൊരു തുകയും ദുരിതബാധിതര്‍ക്ക് കിട്ടിയിട്ടില്ല. കുറഞ്ഞത് 25,000 രൂപയെങ്കിലും ദുരിതബാധിതര്‍ക്ക് നല്‍കണം.

വിദേശത്തെ വിവിധ സംഘടനകള്‍ ദുരിതബാധിതര്‍ക്കായി കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആവശ്യവസ്തുക്കള്‍ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും കെട്ടികിടക്കുകയാണ്. ഇവ സര്‍ക്കാര്‍ വിതരണം ചെയ്യുമെന്നാണ് പറയുന്നത്. ഇതു സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കു പകരം പ്രളയക്കെടുതിക്കായി സ്‌പെഷ്യല്‍ അക്കൗണ്ട് തുറക്കണം. നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ സ്‌കീം കൊണ്ടു വരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വെളളപ്പൊക്ക ദുരിത ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ വഴി സാധിക്കും. ട്രൈബ്യൂണല്‍ പരാതിക്കാരന് മാത്രം മാറാവുന്ന ചെക്ക് മുഖാന്തിരം തുക വിതരണം ചെയ്യണം.

ഓഖി ദുരന്തം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 104.24 കോടി രൂപയാണ് ലഭിച്ചത്. എന്നാല്‍ ഇതുവരെ 25.14 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നല്‍കാമെന്നു പറഞ്ഞ രണ്ട് ലക്ഷം രൂപ ഇതുവരെ നല്‍കിയിട്ടില്ല. ദുരന്തനിവാരണ സേന പുനസ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് സാധിച്ചിട്ടില്ല. വള്ളങ്ങളില്‍ ജി.പി.എസ് സൗകര്യങ്ങള്‍ ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് അതിനും സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തുകയെ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

chandrika: