തിരുവനന്തപുരം: ഭരണഘടനയെ കുറിച്ച് നല്ല അറിവുള്ള ആളായിട്ടും ശബരിമല വിഷയത്തില്‍ മനപ്പൂര്‍വം തെറ്റിദ്ധാരണ പരത്താനാണ് ബി.ജെ.പി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ പ്രമേയം പാസാക്കിയാല്‍ മാത്രമേ ശബരിമല വിഷയത്തില്‍ കേന്ദ്രത്തിന് ഇടപെടാനാവൂ എന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ്.
ശബരിമല വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മാണം നടത്താം. കേരള സര്‍ക്കാര്‍ നിയമനിര്‍മാണം നടത്താന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താം. എന്നാല്‍ അത് ചെയ്യാതെ മനപ്പൂര്‍വം വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രത്തിന് മാത്രമേ കഴിയൂ. കേന്ദ്രം ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ മോദി സര്‍ക്കാറിനെ സംരക്ഷിക്കുന്നതിന് വേണ്ടി ശ്രീധരന്‍ പിള്ള ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തുടക്കം മുതല്‍ ഒത്തുകളിക്കുകയാണ്. ഇതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസില്ല. ഇക്കാര്യത്തില്‍ ശരിയായ നിലപാട് യു.ഡി.എഫിന്റേതും കോണ്‍ഗ്രസിന്റേതുമാണ്. സി.പി.എമ്മിന്റെ അമിതാവേശവും മന്ത്രിമാരുടെ അപക്വമായ നടപടികളും സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു.