ചെന്നൈ: കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് നടന്‍ രജനീകാന്ത്. ഇന്നലെ കര്‍ണാടകയില്‍ നടന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. ബി.ജെ.പി സമയം ചോദിച്ചതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാവേരി തര്‍ക്കത്തില്‍ പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം കുമാരസ്വാമിയോട് ആവശ്യപ്പെട്ടു. വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കണം. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മുന്നണിയുമായി സഹകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നും രജനി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യം അപ്പോള്‍ മാത്രമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച രജനീകാന്ത് ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കര്‍ണാടകയില്‍ നാണംകെട്ട് നില്‍ക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് രജനിയുടെ നിലപാട്.