ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ചുമതലയേറ്റ ശേഷം വിമാനയാത്രക്കായി ചിലവഴിച്ചത് കോടികള്‍. കുടുംബവുമൊത്തുള്ള യാത്രകള്‍ക്ക് പോലും പൊതുപണം ധൂര്‍ത്തടിച്ചതായി രേഖകള്‍ പറയുന്നു. ട്രെയിന്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ റെയില്‍വേ മന്ത്രി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വാടകക്ക് എടുക്കാന്‍ ഐ.ആര്‍.ടി.സിയെ ചുമതലപ്പെടുത്തിയാണ് പിയൂഷ് ഗോയല്‍ ഈ ചട്ടം മറികടന്നത്.
റെയില്‍വേ മന്ത്രിയുടെ ഓരോ വിമാനയാത്രക്കും സാധാരണ ബിസിനസ് ക്ലാസ് യാത്രയുടെ 20 ഇരട്ടിയോളം ചെലവ് വരുന്നതായും റെയില്‍വേയുടെ രേഖകള്‍ പറയുന്നു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ അല്ലാതെയും യാത്രകള്‍ക്കായി സീറ്റ് ഉറപ്പിക്കാന്‍ മൂന്നോ നാലോ ബിസിനസ് ക്ലാസ് ടിക്കെറ്റെടുത്തും പണം ധൂര്‍ത്തടിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രിയായി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് പിയൂഷ് ഗോയല്‍ ഇത്തരത്തില്‍ 1023 യാത്രകള്‍ നടത്തിയിട്ടുണ്ട്.