കുവൈത്ത്: വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചും പേരുകളില്‍ മാറ്റം വരുത്തിയും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച 530 പേരെ കുവൈത്തില്‍ നിന്നും തിരിച്ചയച്ചു. രേഖകള്‍ കൃത്യതയില്ലാത്തതും വ്യാജവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചയച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2022 ലാണ് ഇത്രയും പേരെ വിമാനത്താവളത്തില്‍നിന്നുതന്നെ അതാത് രാജ്യങ്ങളിലേക്ക് മടക്കി അയച്ചത്. ഇവരില്‍ 120 പേര്‍ വനിതകളായിരുന്നു.
ഇതില്‍ ഭൂരിഭാഗവും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. കുവൈത്ത് പ്രവേശിക്കാന്‍ അനുമതിയില്ലാത്തവര്‍ ഉള്‍പ്പെടെ ഇവരിലുണ്ടായിരുന്നു. ആധുനിക സാങ്കേതിക വിദ്യയും വിരലടയാള പരിശോധനയും നിര്‍ബന്ധമാക്കിയതോടെയാണ് ഇത്തരക്കാരെ പിടികൂടി തിരിച്ചയക്കാന്‍ സഹായകമായത്. അത്യാധുനിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതുകൊണ്ട് അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ മൂന്നുമിനുട്ടിനകം മനസ്സിലാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതര ഗള്‍ഫ് നാടുകളില്‍ പ്രവേശനം വിലക്കിയിട്ടുള്ളവരെയും ഇവിടെ ഇറങ്ങാന്‍ അനുവദിക്കുന്നതല്ല.