കളത്തിന് പുറത്തെ കാരണങ്ങള്‍ കൊണ്ട് ദേശീയ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ബെന്‍സേമയുടെ ഏറ്റവും സ്വപ്നമായിരുന്നു 2022 ലോകകപ്പില്‍ കളിക്കുക എന്നത്. എന്നാല്‍, പരിക്ക് വില്ലനായി എത്തിയതോടെ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് താരം പുറത്തായത്. എന്നാലിപ്പോള്‍ പരിക്കില്‍ നിന്ന് മോചിതനായ ബെന്‍സേമയെ ലോകകപ്പ് ടീമില്‍ വീണ്ടും ഉള്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പരിശീലകന്‍ ദിദയെര്‍ ദെഷാംസ് മൗനം പാലിച്ചതും ഇക്കാര്യം ഉറപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബെന്‍സേമ കളിക്കുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അതിനെക്കുറിച്ച് ഞാനൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ക്ഷമിക്കണം, അടുത്ത ചോദ്യം ചോദിക്കൂ എന്നായിരുന്നു ദെഷാംസിന്‍റെ മറുപടി.ഇതോടെ താരം ഇപ്പോഴും ഔദ്യോഗികമായി ഫ്രാന്‍സ് ടീമിന്‍റെ ഭാഗമാണ്. എന്നാല്‍, ഈ സീസണ്‍ മുഴുവന്‍ പരിക്ക് വേട്ടയാടിയ ബെന്‍സേമയെ വീണ്ടും ഖത്തറിലേക്ക് അയക്കാന്‍ അദ്ദേഹത്തിന്‍റെ ക്ലബ്ബ് റയല്‍ മാഡ്രിഡ് തയാറാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ബെന്‍സേമയ്ക്ക് ഖത്തറിന് പറക്കണമെന്നുണ്ടെങ്കില്‍ റയല്‍ തടസമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 34 വയസുകാരനായ താരത്തിന് ഇനിയൊരു ലോകകപ്പ് സാധ്യമാകുമോയെന്ന കാര്യം സംശയമാണ്.
കരീം ബെന്‍സേമയുടെ അഭാവത്തിലും ഒളിവര്‍ ജിറൂദും കിലിയന്‍ എംബാപ്പെയും അടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിര മിന്നും ഫോമിലാണ്.