X

തൊഴില്‍ നല്‍കി ചേര്‍ത്തുപിടിക്കാം

അന്‍വര്‍ കണ്ണീരി അമ്മിനിക്കാട്

ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന വേദിയില്‍ തന്റെ വശ്യമായ വാക്ശരങ്ങള്‍ക്കൊണ്ടു ലോകശ്രദ്ധയെ കൈക്കുമ്പിളിലാക്കിയ ഗാനിം അല്‍ മുഫ്തിഹ് എന്ന മഹത് വ്യക്തിത്വമാണ് ട്രെന്‍ഡിങ് ചര്‍ച്ചാവിഷയം. ജനനത്തിന് മുമ്പ് തന്നെ ഗാനിം ജനിക്കുമ്പോള്‍ അംഗവൈകല്യം ബാധിക്കുമെന്നറിഞ്ഞിട്ടും ഈ ഭൂമിയാണ് ഗാനിമിന്റെ യഥാര്‍ത്ഥ വേദി എന്ന് തിരിച്ചറിഞ്ഞവരാണ് അവന്റെ മാതാപിതാക്കള്‍. പാക് മോഡലും മോട്ടിവേറ്ററുമായ മുനിബ അന്‍സാരിയെപ്പോലുള്ള വ്യക്തിത്വങ്ങള്‍ ഭിന്നശേഷി സമൂഹത്തിന് ഏറെ പ്രചോദിതമാണ്. ഭിന്നശേഷിക്കാരുടെ ജീവിതം ഏറ്റവും അടുത്ത് തിരിച്ചറിയുന്ന ജീവിതങ്ങളിലൊരുവനാണ് ഞാനും. ഒരുപാട് ജീവിതങ്ങള്‍ ഭിന്നശേഷി എന്ന് മുദ്രകുത്തിയത് മുതല്‍ പരിചയപ്പെടുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ട്. അവരുടെ മനസ്സിന്റെ വേഗതയും ഇഴയലും വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നത് അതേ അനുഭവങ്ങളുടെ സാക്ഷ്യപത്രംകൂടിയാണ് എന്റെ ജീവിതം.
ഗാനിം മുഫ്തിഹ് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇരുപതുകാരനെങ്കില്‍ അദ്ദേഹത്തില്‍ രൂപപ്പെട്ട ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രം വിശേഷപ്പെട്ടതായിരിക്കും. എങ്ങനെ ജീവിതം നയിക്കണമെന്നറിയാതെ കുഴയുന്ന നിമിഷങ്ങള്‍ ഗാനിമിനെ പോലുള്ള ജീവിതത്തിലേക്ക് മാത്രം കണ്ണുകളും ചിന്തകളും പായിച്ചാല്‍ മതിയാവും. അതിജീവനത്തിന്റെ സ്പന്ദനം തൊട്ടറിഞ്ഞ ഗാനിമിന്റെ ജീവിതം താരതമ്യം ചെയ്താല്‍ അതിജയിക്കാന്‍ കഴിയാതെ ഒരു കഷ്ണം കയറിലോ മറ്റോ ജീവിതം അവസാനിപ്പിക്കുന്നവര്‍ പരമ വിഡ്ഢികളാണ്. കുറവുകള്‍ അവസരമാക്കുന്നവരാണ് ലോകത്ത് വിജയക്കൊടി പാറിച്ചവരിലേറെയും. ഒരു മനുഷ്യനില്‍ കുറവുകള്‍ സംഭവിക്കുന്നില്ല, മറിച്ചു താത്കാലിക ചില പ്രകടമായ നഷ്ടങ്ങള്‍ ദൃശ്യമാവുമെങ്കിലും ആന്തരികമായി അവര്‍ ആര്‍ജ്ജിച്ചെടുക്കുന്ന മനോധൈര്യവും ആത്മവിശ്വാസവും പ്രകടമായ നഷ്ടങ്ങള്‍ എന്ന് വിലയിരുത്തുന്നതിനെക്കൊണ്ട് രൂപപ്പെടുത്തിയതാണ്. നേട്ടങ്ങളുടെ വലിയ പട്ടികയില്‍ അവരുടെ പേരുകള്‍ നിരന്തരം ചേര്‍ത്തുവെക്കുന്നത് നിരന്തരമായ പരിശ്രമങ്ങളും മടിയേശാത്ത അധ്വാനശീലവും ശുഭാപ്തിവിശ്വാസം കൈമുതലാക്കിയതുകൊണ്ടും മാത്രമാണ്.

ഭിന്നശേഷിക്കാരനായ വ്യക്തിക്ക് ലഭിക്കേണ്ട മൂല്യവത്തായ സമ്മാനം തൊഴിലാണ് എന്നുറച്ചു വിശ്വസിക്കുന്നു. കാരണം തൊഴില്‍ വിശിഷ്ടമായ ഒരു ശേഷിയാണ്. തൊഴില്‍ ശേഷിക്ക്മുന്നില്‍ എല്ലാവരും തുല്യരാണ്. അവിടെ പൂര്‍ണ ആരോഗ്യമുള്ളവര്‍, അംഗ പരിമിതര്‍ എന്നിങ്ങനെ വേര്‍തിരിവ് ഇല്ല എന്നുറച്ചു വിശ്വസിക്കുന്നു. എല്ലാരിലും വ്യത്യസ്ത ശേഷികളാണുള്ളത്. അത് എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് പ്രധാനം. ഭിന്നശേഷി വിഭാഗക്കാരില്‍ ശേഷി തുല്യമെങ്കിലും ശാരീരിക പരിമിതികള്‍ പ്രകടമായേക്കാം. പക്ഷേ, അതുകൊണ്ട് അവര്‍ മാറ്റി നിറുത്തപ്പെടേണ്ടവരല്ല. മനസ്സ് എത്തുന്നിടത്തേക്ക് അതിവേഗതയില്‍ മെയ്യെത്തിക്കാന്‍ സാധിക്കാതെ വരുന്നു എന്നത് കുറവല്ല. അത് രൂപപ്പെട്ട സാഹചര്യമാണ്. അത്തരം സാഹചര്യമുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കേണ്ടതുണ്ട്. ആരോഗ്യം എന്നതിന്റെ വ്യാഖ്യാനം ശരീരത്തിന്റെ പൂര്‍ണത എന്നതല്ല മാനദണ്ഡം. മറിച്ചു മനസ്സിന്റെ ആരോഗ്യവും നമുക്കുള്ള ശരീരാവയവങ്ങള്‍ ഊര്‍ജ്വസ്വലമാവുമ്പോഴാണ് ആരോഗ്യത്തിന്റെ മാനദണ്ഡക്രമം പൂര്‍ണമാവുകയുള്ളു. ചുറ്റിലും അറിവിലും കുടുംബത്തിലുമുള്ള ഭിന്നശേഷിക്കാരന് നിങ്ങള്‍ക്ക് ഒരു തൊഴില്‍ നല്‍കാനായാല്‍ അത് നിങ്ങള്‍ ചെയ്ത പുണ്യങ്ങളുടെ നേതാവായി മുന്നില്‍ നില്‍ക്കും. കുട നിര്‍മാണം, സോപ്പ്, സോപ്പ് പൊടി നിര്‍മാണം, മെഴുകുതിരി, പേന നിര്‍മാണം തുടങ്ങിയ ജോലികള്‍ ഭിന്നശേഷിക്കാര്‍ക്ക് എന്ന് ബ്രാന്‍ഡ് ചെയ്തുവെച്ചിരിക്കുന്ന സാഹചര്യമാണ് ഇന്ന് ഏറെ പ്രകടമാവുന്നത്. ഈ സമീപനത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തിയ ഇത്തരം ബ്രാന്‍ഡിങ്ങുകളെ മാറ്റിതിരുത്താന്‍ ചുറ്റുപാടുകളിലെ സാഹചര്യം ഉപയോഗിച്ചു ഫലപ്രദമാക്കുക. ഏറ്റവും അടുത്തുള്ള നഗരങ്ങളില്‍ ആശുപത്രികള്‍, ഉയര്‍ന്ന വാണിജ്യ സ്ഥാപനങ്ങള്‍, സേവന സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പതിവ് രീതിയില്‍ നിന്നും വിഭിന്നമായി ഏറ്റവും ആവശ്യമായ അവസരത്തെ സൃഷ്ടിച്ചു നല്‍കുക. അതിന് ശേഷം ഭിന്നശേഷിക്കാരില്‍നിന്നും അവരുടെ ബയോഡാറ്റ സ്വീകരിച്ചു തരംതിരിച്ചു പ്രാദേശിക ബോഡിക്ക് കീഴില്‍ തൊഴില്‍മേള സംഘടിപ്പിച്ചു കൂടിക്കാഴ്ചക്ക് അവസരം നല്‍കി ആറു മാസത്തെ പ്രൊബേഷന്‍ കാലാവധിയും നല്‍കി ജോലി നല്‍കിയാല്‍ ഏറ്റവും അഭികാമ്യമായ രീതിയില്‍ പദ്ധതി കേരളത്തിലുടനീളം നിര്‍വഹിക്കാവുന്നതാണ്.

Test User: