പോര്‍ച്ചുഗലിനെ വീഴ്ത്തിയതിന്റെ ആവേശവുമായി എത്തിയ കൊറിയക്കാരെ നിലംതൊടാന്‍ അനുവദിക്കാതെ പറപ്പിച്ച കാനറികള്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ മിന്നും വിജയം കാഴച്ചവെച്ചു.
ആദ്യ പകുതിയിലാണ് ബ്രസീലിന്‍്റെ നാല് ഗോളുകളും പിറന്നത്. ഏഴാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയര്‍ ആയിരുന്നു ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. റാഫിഞ്ഞയുടെ ക്രോസ് പിടിച്ചെടുത്ത് വിനി തൊടുത്ത ഷോട്ട് പോസ്റ്റിന്‍്റെ ഇടത് മൂലയില്‍ പതിച്ചു.അധികം വൈകാതെ 13ആം മിനിറ്റില്‍ തന്നെ ബ്രസീലിന് അനുകൂലമായി മത്സരത്തില്‍ പെനല്‍റ്റി. റിച്ചാര്‍ലിസണിനെ ബോക്സില്‍ വീഴ്ത്തിയതിന് ആയിരുന്നു റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത നെയ്മറിന് പിഴച്ചില്ല. സ്കോര്‍ 2-0. പിന്നീട് 29ആം മിനിറ്റില്‍ റിച്ചാര്‍ലിസണും, 36ആം മിനിറ്റില്‍ പക്ക്വേറ്റയും കൂടി സ്കോര്‍ ചെയ്തതോടെ ആദ്യ പകുതിയില്‍ തന്നെ ബ്രസീലിന്‍്റെ പട്ടിക പൂര്‍ത്തിയായി. തിയാഗോ സില്‍വ റിച്ചയുടെ ഗോളിന് വഴിയൊരുക്കിയപ്പോള്‍, പക്ക്വേറ്റയുടെ ഗോളിന് വിനിഷ്യസ് ആണ് പങ്കാളിയായത്. അതോടെ 4-0 എന്ന നിലയില്‍ ആദ്യ പകുതിക്ക് വിരാമമായി.
എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീലിനെ ഗോളടിക്കാന്‍ അനുവദിക്കാതെ കൊറിയ പിടിച്ചുകെട്ടുകയായിരുന്നു.ഇതിനിടയില്‍ 76ആം മിനിറ്റില്‍ പയിക് സ്യുങ് കൊറിയയ്ക്കായി ആശ്വാസഗോള്‍ സ്വന്തമാക്കി. ബോക്സിന് വെളിയില്‍ നിന്നും ഒരു ഹാഫ് വോളിയിലൂടെയാണ് താരം വലകുലുക്കിയത്. തുടര്‍ന്നുള്ള സമയവും ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഗോളുകള്‍ ഒന്നും തന്നെ പിറന്നില്ല. ഒടുവില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കാനറിപ്പട വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
മറ്റൊരു ഏഷ്യന്‍ ശക്തികളായ ജപ്പാനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളി. ഡിസംബര്‍ 9ന് രാത്രി 8.30നാണ് ബ്രസീല്‍ ക്രൊയേഷ്യ മത്സരം. എഡ്യുക്കേഷന്‍ സിറ്റയില്‍ വെച്ചാണ് ക്രൊയേഷ്യ ബ്രസീല്‍ പോരാട്ടം.