അഷ്‌റഫ് തൂണേരി
ദോഹ: തണുത്തു വിറച്ച ദോഹയുടെ വൈകുന്നേരമായിട്ടും ലോക ഫുട്ബാളിലെ ഇതിഹാസ താരങ്ങളെ കാണാൻ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത് ആയിരങ്ങൾ. ലയണൽ മെസ്സി, കിലിയൻ എമ്പാപ്പേ, നെയ്മർ ജൂനിയർ, അഷ്‌റഫ് ഹകീമി, മാകീനോസ് തുടങ്ങിയ ലോക താരങ്ങളെയും അവരുടെ പരിശീലനവും കാണാനാണ് ആരാധകർ ആവേശത്തോടെ എത്തിയത്. മുപ്പത്തിനായിരം പേരാണ് ഖലീഫ സ്റ്റേഡിയത്തിൽ എത്തിയതെന്നു പി എസ് ജി ട്വിറ്ററിൽ വ്യക്തമാക്കി. പി എസ് ജി, അര്ജന്റീന പതാകകളുമായി എത്തിയ ആരാധകർ താരങ്ങളുടെ പേര് വിളിച്ചു മുദ്രാവാക്യം വിളിച്ചു. പരിശീലനം മുഴുക്കെ ആരവങ്ങൾ മുഴക്കി. വൈകീട്ട് 7 മുതൽ 8 വരെ ഒരു മണിക്കൂറോളം നീണ്ട പരിശീലനത്തിനു പി എസ് ജി കോച്ച് ക്രിസ്റ്റോഫ് ഗൾട്ടിയ നേതൃത്വം നൽകി. റിയാദിലെ സീസണ്‍കപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള പാരീസ് സെയിന്റ് ജര്‍മ്മൈന്‍ (പി.എസ്.ജി) താരങ്ങളുടെ പരിശീലന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഖത്തർ സന്ദര്‍ശനം. സഊദി അറേബ്യയിൽ നടക്കുന്ന റിയാദ് സീസണ്‍ കപ്പിൽ പങ്കെടുക്കാനായി താരങ്ങൾ റിയാദിലേക്ക് പറന്നു.
ഖത്തര്‍ ഫിഫ ലോകകപ്പിലെ വാശിയേറിയ പോരാട്ടങ്ങള്‍ക്ക് ശേഷം ലോക ഫുട്‌ബോള്‍ താരങ്ങള്‍ ഒരേ ക്ലബ്ബിന്റെ ബാനറിൽ ഖത്തറിൽ എത്തുകയാണ് എന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ ദിവസം കാലത്ത് പാരീസില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയിസിന്റെ പ്രത്യേക വിമാനത്തിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ താരങ്ങളുമായി ഖത്തര്‍ എയര്‍വെയിസും പി.എസ്.ജി അക്കാദമിയും മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി സൗദിയിലെ മുന്‍നിര ക്ലബ്ബുകളായ അല്‍ഹിലാല്‍, അല്‍നാസര്‍ എന്നിവരേയാണ് റിയാദിൽ നേരിടുന്നത്. 19-ന് വൈകീട്ട് 8 ന് റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരം. റൊണാൾഡോ അൽനസർ ക്ലബ് താരമായ ശേഷമുള്ള ആദ്യ അന്തർ ദേശീയ ക്ലബ് മത്സരം കൂടിയാണിത്.