തുടര്‍ച്ചയായ രണ്ടാം വട്ടവും കരുത്തരായ ജര്‍മനി ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരിക്കുന്നു.2014ല്‍ കിരീടം നേടിയതിനു ശേഷം ഇതുവരെ അവര്‍ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുവാന്‍ കഴിഞ്ഞിട്ടില്ല.
രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മനി അവസാന മത്സരത്തില്‍ കോസ്റ്ററിക്കയെ തകര്‍ത്തുവിട്ടത്. ചെല്‍സി താരം കായ് ഹാവര്‍ട്‌സ് മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടം സ്വന്തമാക്കി.പത്താം മിനിറ്റില്‍ തന്നെ ജര്‍മനി മുന്നിലെത്തുകയുണ്ടായി. റൗമിന്റെ പാസില്‍ നിന്നും ഗ്‌നാബ്രിയാണ് ലക്ഷ്യം കണ്ടത്. ശേഷം പുരോഗമിച്ച മത്സരത്തില്‍ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ ഒന്നുംതന്നെ പിറന്നില്ല.
തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച് അമ്പത്തിയെട്ടാം മിനിറ്റില്‍ തന്നെ കോസ്റ്റാറിക്ക ഗോള്‍ മടക്കി. യെല്‍റ്റ്‌സിന്‍ റ്റെജഡയായിരുന്നു അവരെ ഒപ്പമെത്തിച്ചത്. പിന്നീട് നിരന്തരം ലീഡ് നേടുവാനുള്ള ജര്‍മനിയുടെ ശ്രമങ്ങള്‍ ആണ് കാണുവാന്‍ കഴിഞ്ഞത്. എന്നാല്‍ എഴുപതാം മിനിറ്റില്‍ ന്യൂയറിന്റെ സെല്‍ഫ് ഗോളില്‍ കോസ്റ്റാറിക്ക ലീഡ് നേടി. വീണ്ടുമൊരു അട്ടിമറി ജര്‍മനി മണുക്കുന്നുവെന്ന് തോന്നിയ നിമിഷം. എന്നാല്‍ വെറും 3 മിനിട്ടിന്റെ ഇടവേളയില്‍ സബ് ആയി കളത്തിലിറങ്ങിയ ഹാവര്‍ട്‌സിലൂടെ ജര്‍മനി ഗോള്‍ മടക്കി.
തുടര്‍ന്ന് വിജയഗോളിനായുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ഹാവര്‍ട്‌സ് ടീമിന്റെ മൂന്നാം ഗോളും തന്റെ ഇരട്ടഗോളും പൂര്‍ത്തിയാക്കി. ഗ്‌നാബ്രിയായിരുന്നു ഗോളില്‍ പങ്കാളിയായത്. 4 മിനിറ്റിന് ശേഷം ഫുള്‍ക്രഗ് കൂടി സ്‌കോര്‍ ചെയ്തതോടെ ജര്‍മന്‍ പട്ടിക പൂര്‍ത്തിയായി. സനെയാണ് ഗോളിന് വഴിയിരുക്കിയത്.
ഒടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മന്‍ പട വിജയം സ്വന്തമാക്കുകയായിരുന്നു. മികച്ചൊരു വിജയം നേടിയിട്ടും നോക്കൗട്ടിലേക്ക് പ്രവേശിക്കുവാന്‍ കഴിയാതിരുന്നത് അവര്‍ക്ക് വലിയ തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ ജപ്പാനോട് ഏറ്റ പരാജയമാണ് ഈയൊരു വിധി എഴുതിയത്.മുള്ളര്‍, ന്യൂയര്‍ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പ് അങ്ങനെ കണ്ണീര്‍ മാത്രം സമ്മാനിച്ചുകൊണ്ട് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നിലൂടെ കടന്നുപോയി.