X

പ്രതീക്ഷയുടെ ഫ്രീകിക്ക്; ജുവാന്റോയുടെ മുറിയാത്ത കാല്‍ചലനങ്ങള്‍

ദോഹ ദവാര്‍

കഴിഞ്ഞ ദിവസം ദോഹ കോര്‍ണിഷ് തീരത്ത് സന്ദര്‍ശകര്‍ക്കായുള്ള ഇരിപ്പിടത്തിലിരുന്ന് ബെഞ്ചില്‍ വെച്ചിരുന്ന രിഹ്ല പന്ത് ഒരു കാലില്‍ നിന്ന് മറുകാലിലേക്ക് മാറ്റുകയായിരുന്നു ഇടതു കൈ ഇല്ലാത്ത, പാതിമുറിഞ്ഞ ഒരുവലതുകൈ മാത്രമുള്ള ആ യുവാവ് ആദ്യം. ഇടക്കെപ്പോഴോ ആകാശത്തേക്ക് കണ്ണുംനട്ട് കിടന്നുകഴിഞ്ഞിട്ടുണ്ടാവും. ഇരുകാലുകള്‍ക്കിടയിലൂടെ പന്ത് പെട്ടെന്ന് കറങ്ങിക്കൊണ്ടിരുന്നു.

ഇടക്ക് രണ്ട് കാലിലും പിടിച്ച് ചുഴറ്റി തന്റെ വലതുകാലിലെ ഷൂവിനടയിലേക്ക് പന്തെത്തിയതെങ്ങിനെയെന്ന് നാം അത്ഭൂതംപൂണ്ടിരിക്കവെ പന്ത് ആ ഷൂവിനടിയില്‍ വീഴാതെ കറങ്ങിക്കൊണ്ടേയിരിക്കും, മനോഹരമായ ഒരു ദൃശ്യാനുഭവം നാം കണ്ടുകഴിയും. ചുറ്റുമുള്ള ആള്‍ക്കൂട്ടം നിറകൈയ്യടിയോടെ അത് ഏറ്റുവാങ്ങും. ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളില്‍ ഇന്ദ്രജാലം തീര്‍ക്കുന്നയാള്‍ ജുവാന്റോ അഗ്വിലോ. ഖത്തറില്‍ ലോകകപ്പിന് അതിഥിയായി എത്തിയതാണ് ലോകത്തിലെ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കറായ ഈ ചെറുപ്പക്കാരന്‍.

അംഗപരിമിതരോ ശാരീരിക പ്രയാസമുള്ളവരോ അരികുചേര്‍ന്ന് നടക്കേണ്ടവരല്ലെന്ന് ഖത്തറിലെ തെരുവുകളിലൂടെ പ്രഖ്യാപിക്കുകയാണ് ജുവാന്റോ. ആ യുവാവിന്റെ പ്രകടനം പലപ്പോഴും ആള്‍ക്കൂട്ടം അയാള്‍ക്ക് ചുറ്റിലും ശ്വാസമടക്കി നിന്നാണ് കാണുന്നത്. തന്റെ പരിമിതികളെ സര്‍ഗാത്മകത കൊണ്ടു മറികടന്ന് പ്രതീക്ഷയുടെ പുതിയ ലോകം തീര്‍ത്തയാളാണ് ജുവാന്റോ. ചിലിയാണ് സ്വദേശം. പിന്നീട് ബ്രസീലിലേക്കും അമേരിക്കയിലേക്കും താമസം മാറ്റി. ചിലിയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയുടെ കലാസംവിധായകനായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുണ്ട്. 2013 ലെ ചിലി ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോള്‍ ദേശീയ ചാമ്പ്യനായി.

അഡിഡാസ് അംബാസഡറായും പ്രവര്‍ത്തിച്ചു. പതിവു ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കും ഏറെ മുന്‍ഗണന നല്‍കുന്ന ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ അതിന്റെ ഒരു വിളംബരം തന്നെ നടത്തിയെന്ന് ജുവാന്റോ. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പല രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് അംഗപരിമിതരാണ് ലോകകപ്പിന്റെ ഇരുപത്തിരണ്ടാം പതിപ്പിന് സാക്ഷിയാവാനെത്തിയത്. തങ്ങളുടെ ഭൂമിയും ആകാശവും മറ്റുമനുഷ്യരുടേതിനൊപ്പമാണെന്ന് തെളിയിച്ച് വ്യത്യസ്തമായ ലോകകപ്പ് അനുഭവം പകര്‍ന്ന ഖത്തറിന് ജുവാന്റോ അഗ്വിലോ ഹൃദയംചേര്‍ത്ത് സ്പാനിഷില്‍ നന്ദി പറയുന്നു: ഗ്രാസീയാസ് ഖത്തര്‍; നന്ദി ഖത്തര്‍.

Test User: