കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററി പ്രദർശിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു . നാളെ (ജനുവരി 25ന്) നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ആണ് പ്രദർശനം സംഘടിപ്പിക്കുക. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
മോദിയെന്ന കലാപാസൂത്രകന്റെ അധികാര സാന്നിധ്യവും മറ്റും കൃത്യമായി അടയാളപ്പെടുത്തുന്ന ഡോക്യൂമെന്ററി ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ട് നീക്കം ചെയ്യുകയാണ്. അതുകൊണ്ട്, പൊതുജനങ്ങൾ ഈ ഡോക്യുമെന്ററി കാണേണ്ടുന്നതിന്റ ആവശ്യകത മുൻനിറുത്തിയും അതിനു സൗകര്യം ചെയ്തു നൽകുന്നത് ഒരു ജനാധിപത്യ വിശ്വാസിയുടെ ഉത്തരവാദിത്തമായതിനാലുമാണ് ഈ പ്രദർശനം ഒരുക്കുന്നതെന്ന് സെക്രട്ടറിയേറ്റ് പറഞ്ഞു.
ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ പ്രതിഷേധമെന്നോണം പ്രദർശങ്ങൾ നടക്കുന്നുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികളും പ്രദർശനത്തിന്റെ ഭാഗമാവണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. പി. ഇസ്മായിൽ, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ് എടനീർ, അഡ്വ. കാര്യറ നസീർ, ടി.പി.എം ജിഷാൻ പ്രസംഗിച്ചു.