X
    Categories: Video Stories

ചാരക്കേസിലെ തൂലികക്കറ ആരു മായ്ക്കും

അഹമ്മദ് ഷരീഫ് പി.വി

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ നീണ്ട 24 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ചാരക്കേസില്‍ പരമോന്നത നീതിപീഠത്തില്‍നിന്നും നീതി സമ്പാദിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാനം നമ്പി നാരായണന് നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതോടൊപ്പം കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിക്കുള്ള മാര്‍ഗവും രീതിയും അന്വേഷിക്കുന്നതിനായി മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയേയും സുപ്രീംകോടതി നിയമിച്ചു. വിധി ആശ്വാസകരം തന്നെ. വാസ്തവം തേടാത്തവരുടെ തൂലികയില്‍ കൂടി അവാസ്തവം ഒഴുകി ചാരനെന്ന് അകാരണമായി മുദ്രകുത്തി ഒരു മനുഷ്യന്റെ ജീവിതം ചവിട്ടിയരച്ചതിന് നഷ്ടപരിഹാരം ഒരിക്കലും ഒരു പരിഹാരമൊന്നുമല്ലെങ്കിലും ഇത് ആശ്വാസം പകരുന്ന വിധിയാണ്. ഈ വിധിയോടൊപ്പം ചാരക്കേസില്‍ ചന്ദ്രിക സ്വീകരിച്ച നിലപാടുകളുടെ വിജയവുമാണിത്. ഒരു മാധ്യമമെന്ന നിലയില്‍ അന്ന് ചന്ദ്രിക സ്വീകരിച്ചത് ശരിയായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായതാണെങ്കിലും സുപ്രീംകോടതി വിധി ഇത് ഊട്ടിയുറപ്പിക്കുന്നു. എഴുത്തുകാരന്‍ സക്കറിയ്യ, മാധ്യമ പ്രവര്‍ത്തകരായിരുന്ന കെ.എം റോയ്, റഹീം മേച്ചേരി തുടങ്ങി വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ അന്ന് ചാരക്കേസില്‍ ശാസ്ത്രജ്ഞരെ പ്രതിരോധിക്കാനുണ്ടായിരുന്നുള്ളൂ. അന്നവരൊക്കെയും രാജ്യദ്രോഹിക്കുവേണ്ടി സംസാരിക്കുന്നവരായിരുന്നു.
മാധ്യമങ്ങള്‍ ചാരക്കേസില്‍ ആരോപണ വിധേയരായവരോട് ചെയ്തത് അക്ഷന്തവ്യമായ അപരാധമാണ്. പൊലീസിന്റെ വിചിത്ര ഭാവനയെന്ന സുപ്രീംകോടതി വിധിയുടെ ചുവട്പിടിച്ച് പത്രങ്ങള്‍ ഇപ്പോള്‍ വാര്‍ത്തകള്‍ എഴുതുമ്പോള്‍ അന്ന് ഇതേ വിചിത്ര ഭാവനക്ക് നിറം ചാലിച്ചവരായിരുന്നു തങ്ങളെന്നത് അഭിനവ ഷെര്‍ലക് ഹോംസുമാര്‍ ഓര്‍ക്കണം. ഇന്നത്തെ പെട്രോള്‍ വിലക്ക് കാരണം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് പറയുന്നത് പോലുള്ള തെളിവുകളും ഭാവനയുമാണ് അന്ന് പത്രങ്ങളില്‍ പീലി വിടര്‍ത്തി നിന്നാടിയത്. നമ്പി നാരായണന് അനുകൂലമായി വിധി പുറത്ത്‌വന്നതിന് പിന്നാലെ നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്റെ മനുഷ്യാവകാശം സംബന്ധിച്ച് ചര്‍ച്ചയും ഉപ ചര്‍ച്ചയും നടത്തുകയും നിറംപിടിപ്പിച്ച മനുഷ്യാവകാശ പോരാട്ട വീര്യത്തിനായി അച്ചുനിരത്തുകയും ചെയ്ത മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്‍മാരും തങ്ങളുടെ മുന്‍കാല ചെയ്തികളും നിലപാടുകളും ഈ അവസരത്തില്‍ വീണ്ടു വിചാരം നടത്തേണ്ടത് കാവ്യനിതീയാണ്. അത്രക്കുണ്ട് അന്ന് ഒഴുക്കിയ തൂലികക്കറകള്‍. ആടിനെ പട്ടിയാക്കുക, എന്നിട്ട് അതിനെ പേപ്പട്ടിയായി ചിത്രീകരിക്കുക, ശേഷം തല്ലിക്കൊല്ലുക എന്ന ഗീബല്‍സിയന്‍ രീതിയാണ് ഐ. എസ്.ആര്‍.ഒ ചാരക്കേസ് ഉയര്‍ന്നുവന്ന സമയത്ത് ഏതാണ്ട് മിക്ക മാധ്യമങ്ങളും ചെയ്തതെന്ന് പറയാതെ വയ്യ. 1994 നവംബര്‍ 14ന് തിരുവനന്തപുരത്തെ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വിസ കാലാവധി അവസാനിച്ചുവെന്നറിയിച്ച് എത്തിയ മാലിക്കാരി മറിയം റഷീദ ചാര യുവതിയായതും ക്രയോജനിക് സാങ്കേതിക വിദ്യ മീന്‍കുട്ടയില്‍ വെച്ച് പാകിസ്താന് വിറ്റു തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഇന്നാണെങ്കില്‍ ട്രോളര്‍മാര്‍ ട്രോളിക്കൊല്ലുമായിരുന്നു. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പരതുന്ന സി.പി.എമ്മുകാര്‍ അക്കാലത്ത് ഏത് പക്ഷത്തായിരുന്നെന്ന് ആലോചിക്കുന്നത് ഗുണകരമാവും. കേസ് സി.ബി.ഐ അവസാനിപ്പിച്ച സമയത്ത് അത് വീണ്ടും അന്വേഷിക്കാന്‍ 1996ലെ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതും അതിനു വേണ്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതുമാണ്. അതിനെതിരെ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു കോടതി വിധി. സി.ബി.ഐ ക്ലോസ് ചെയ്ത കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിട്ട എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പങ്കെല്ലാം മറന്നാണ് കേവലം ചാരക്കേസിനെ കോണ്‍ഗ്രസ് ഗ്രൂപ്പിസത്തില്‍ തളക്കാന്‍ ശ്രമിക്കുന്നതെന്നതാണ് മറ്റൊരു വൈരുധ്യം. നമ്പി നാരായണന് നീതി ലഭിച്ചപ്പോഴും ഇതേ കേസില്‍ നീതി ലഭിക്കാതെ പോയവരാണ് ആരോപണ വിധേയരായ മറ്റുള്ളവര്‍. 1994 നവംബറില്‍ ചാരക്കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലത്ത് കേരളത്തിലെ മാധ്യമ (സങ്കല്‍പ അപസര്‍പക കഥ എഴുത്തുകാര്‍) കേസരികളെന്ന് എക്കാലവും അവകാശപ്പെടുന്നവര്‍ പടച്ചുവിട്ട ഇക്കിളിക്കഥകളും പൈങ്കിളി തലക്കെട്ടുകളും ചെറുതായിരുന്നില്ല.
ചന്ദ്രികയും ഏഷ്യാനെറ്റും മാത്രമാണ് അന്ന് ചാരക്കേസ് ആസ്പദമാക്കി കൊച്ചു പുസ്തകം അടിക്കാതിരുന്നത്. ചാരക്കേസിലെ പുറത്ത്‌വന്ന ചില കഥകളുടെ പിതൃത്വം പരിശോധിക്കാനിറങ്ങിയാല്‍ നാണിച്ചുപോകും. ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട നിറംപിടിപ്പിച്ച കഥ ആദ്യം കൊടുത്ത പത്രം തനിനിറമാണ്. 1994 നവംബര്‍ 18. ദേശാഭിമാനിയാണ് തനിനിറത്തെ പിന്തുടര്‍ന്നത്. പിന്നെ മംഗളവും മനോരമയും മാതൃഭൂമിയും കേരള കൗമുദിയും. പലരുടേയും െൈബലൈന്‍ സ്റ്റോറികള്‍ ഇക്കാലത്താണെങ്കില്‍ കുറ്റാന്വേഷണ നോവല്‍ വിഭാഗത്തില്‍ അച്ചടിച്ച് വിതരണം ചെയ്യാവുന്ന തരത്തിലായിരുന്നു. അക്കാലത്ത് കലാ കൗമുദിയില്‍ ഒരു ശാസത്രജ്ഞന്റെ മരണവും മുഖ്യമന്ത്രിയായിരുന്ന കരുണാകരനേയും ചേര്‍ത്തു വേറെയും കഥകള്‍ പറന്നിറങ്ങിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും വാര്‍ത്താ ചാനലുകള്‍ എക്‌സ്‌ക്ലൂസീവുകളും സെന്‍സേഷണലിസവും വാരി വിതറാന്‍ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്നതിനാല്‍ പത്രങ്ങള്‍ അടിച്ചു വിടുന്ന ഏത് കഥയും മലയാളി തൊണ്ട തൊടാതെ വിഴുങ്ങുന്ന കാലമായിരുന്നു. പല പേരുകളില്‍ പരമ്പരകളും കഥകളും അടിച്ചിറക്കാന്‍ പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍ മത്സര ഓട്ടത്തിലായിരുന്നു. എട്ടാമന്‍ അമ്പോ ഭയങ്കരന്‍, ഒര്‍മാനിയ, മാലിക്കാരിയുടെ ബാഗില്‍ രഹസ്യരേഖകള്‍, മറിയം റഷീദ മാജിക്കും പഠിച്ചു, പ്രധാനമന്ത്രിക്കും നമ്പിയുടെ ക്ലാസ്, കിടപ്പറയിലെ ട്യൂണ മത്സ്യം, തോട്ടത്തിലെ വയര്‍ലസ്, മാതാഹാരി മുതല്‍ മറിയം റഷീദ വരെ തുടങ്ങി പരമ്പരയും ഇക്കിളി കഥകളും. മാലിയില്‍ പറന്നിറങ്ങി മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റെയും ‘ഭീകരപ്രവര്‍ത്തനങ്ങളുടെ’ കഥകള്‍ പരമ്പരയായി എഴുതിയാണ് മറ്റു ചില മാധ്യമ പ്രവര്‍ത്തകര്‍ സായൂജ്യമണിഞ്ഞത്. ചന്ദ്രിക പത്രം മാത്രമാണ് അന്ന് ഈ ആക്രമണത്തെ പ്രതിരോധിച്ച് വാര്‍ത്തകള്‍ നല്‍കിയത്. ചന്ദ്രികയുടെ തിരുവനന്തപുരം റിപ്പോര്‍ട്ടറായിരുന്ന (ഇപ്പോള്‍ മലയാളം ന്യൂസ് എഡിറ്റര്‍) ടി.പി കുഞ്ഞമ്മദ് വാണിമേലാണ് ചാരക്കേസിന്റെ ചാരംമൂടിയ സത്യങ്ങള്‍ തുറന്നെഴുതിയത്. നമ്പി നാരായണനെ പിന്തുണച്ച് ചന്ദ്രിക 1995 ജനുവരി 5ന് മുഖപ്രസംഗമെഴുതിയപ്പോള്‍ ‘ചാരസുന്ദരിയുടെ സമുദായ പക്ഷം’ എന്നു പറഞ്ഞ് ദേശാഭിമാനി പരിഹസിച്ച് പിറ്റേ ദിവസം വാര്‍ത്ത എഴുതി. ദേശാഭിമാനിയില്‍ വാര്‍ത്ത വന്നതിന്റെ തൊട്ടടുത്ത ദിവസം വാര്‍ത്തയില്‍ ദുരൂഹതയെന്ന് ചന്ദ്രികയില്‍ കുഞ്ഞമ്മദ് വാണിമേല്‍ വാര്‍ത്ത നല്‍കിയിരുന്നു. അതിന്റെ പേരില്‍ ചന്ദ്രികക്കെതിരെ ഐ.ബി അന്വേഷണം എന്ന വാര്‍ത്തയാണ് പിറ്റേ ദിവസം ദേശാഭിമാനിയില്‍ നിരന്നത്.
1994 ഡിസംബറിലെ ചന്ദ്രിക പത്രത്തില്‍ ഒരു ദിവസത്തെ 8 കോളം ഒന്നാം പേജ് വാര്‍ത്ത ‘മറിയം റഷീദ ചാരവൃത്തിക്ക് വന്നതല്ല’ എന്നായിരുന്നു. പിറ്റേ ദിവസം ഇറക്കിയ ദേശാഭിമാനി യുടെ തലക്കെട്ട് ‘ചാരവൃത്തി; മുസ്‌ലിംലീഗിന്റെ പങ്കും അന്വേഷിക്കണം എന്ന്. എങ്ങനെയുണ്ട്? മേമ്പൊടിയായി തലേ ദിവസത്തെ ചന്ദ്രികയുടെ പത്ര കട്ടിങ്ങും. വാര്‍ത്ത പ്രസിദ്ധീകരിച്ച ചന്ദ്രിക പത്രം നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം ഇങ്ങനെയായിരുന്നു. ‘മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം’ എന്നായിരുന്നു ആ ചോദ്യം. ഇന്ന് മാധ്യമ സിന്‍ഡിക്കേറ്റെന്ന് പറയുന്നവര്‍ അന്നത്തെ പത്രങ്ങള്‍ തുറന്ന് നോക്കിയാല്‍ ഒരേ അമ്മക്ക് പിറന്ന കുറേ മക്കളെ കാണാം. ഏറെയും സാമ്യതകള്‍ ഏറെയുള്ള ഇരട്ടപെറ്റ മക്കള്‍ തന്നെ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: