X

കാരുണ്യത്തിന്റെ കരംതേടി യെമന്‍ കുടുംബം പാണക്കാട്ട്

മലപ്പുറം: രാജ്യാതിര്‍ത്തികളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് കാരുണ്യ കരംതേടി യെമന്‍ കുടുംബം പാണക്കാട്ട്. യുദ്ധം തകര്‍ത്ത യെമനില്‍ നിന്ന് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) രോഗത്തിന്റെ ചികിത്സക്കായി ഇന്ത്യയിലെത്തിയ മൂന്നര വയസുകാരന്‍ ഹാഷിം അഹമ്മദ് യാസീനും കുടുംബവുമാണ് ഇന്നലെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച് സഹായം തേടിയത്. ഇന്നലെ രാവിലെ 11 മണിയോടെ യമനിലെ പഴയ സഹപ്രവര്‍ത്തക പത്തനംതിട്ട സ്വദേശി ശ്രീജക്കും കുടുംബത്തിനുമൊപ്പം പാണക്കാട്ടെത്തിയ സംഘം തങ്ങള്‍ക്ക് നേരിട്ട വലിയ പരീക്ഷണങ്ങള്‍ സാദിഖലി തങ്ങളുമായി പങ്കുവെച്ചു.

യമന്‍ സ്വദേശികളായ യാസീന്‍ അഹമ്മദലിയും, ഭാര്യ തൂണിസ് അബ്ദുല്ലയും ഇക്കഴിഞ്ഞ സെപ്തംബറിലാണ് പേശികള്‍ തളര്‍ന്നുപോയ മൂന്നര വയസ് മാത്രമുള്ള ഏക മകന്‍ ഹാഷിം അഹമ്മദ് യാസീന്‍ എന്ന കുഞ്ഞിനെയും കൊണ്ട് ഇന്ത്യയില്‍ എത്തിയത്. മുംബൈയിലെയും പൂനെയിലെയും പല ആശുപത്രികളിലും കാണിച്ചെങ്കിലും സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ രോഗമാണെന്ന് സ്ഥിരീകരിച്ചതോടെ പ്രതീക്ഷകളെല്ലാം താളംതെറ്റി. ചികിത്സക്കുള്ള ചെലവ് താങ്ങാവുന്നതിലപ്പുറമായി. ഈ സാഹചര്യത്തിലാണ് യാസീന്‍ അഹമ്മദ് അലിയും ഭാര്യ തൂണിസ് അബ്ദുല്ലയും ശ്രീജയെ ബന്ധപ്പെടുന്നത്. നവംബര്‍ മൂന്നിന് കേരളത്തിലെത്തിയ കുടുംബം ശ്രീജയുടെയും ഭര്‍ത്താവ് ഉല്ലാസന്റെയും സഹായത്തോടെ സര്‍ക്കാര്‍തലത്തിലും മറ്റുമായി പലരേയും സമീപിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഒടുവില്‍ കൊടപ്പനക്കല്‍ തറവാടിന്റെ വാതില്‍മുട്ടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

മകന്റെ ചികിത്സക്കു വേണ്ടതെല്ലാം ചെയ്യാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പു നല്‍കി. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് കേരളം. ഇവിടെ വന്നിട്ട് ചികിത്സ കിട്ടാതെ പോകുന്നത് ശരിയല്ല. പ്രതീക്ഷയോടെയാണ് അവര്‍ പാണക്കാട്ടെത്തിയത്. ഹളറുള്‍ മൗത്തില്‍ നിന്നുള്ളവരാണ്. ഞങ്ങളുടെ കുടുംബ വേരുകള്‍ അവിടെയുണ്ട്. അങ്ങനെയൊരു ബന്ധവും യമനുമായുണ്ട്. നിരാശയോടെ മടക്കാന്‍ പാടില്ല. 1.50 കോടിരൂപയാണ് ചികിത്സക്കായി വേണ്ടത്. ഇതേ രോഗം ബാധിച്ച നിരവധി കുട്ടികള്‍ക്ക് കോടികള്‍ നമ്മള്‍ പലതവണ പിരിച്ചെടുത്തിട്ടുണ്ട്. ഇതും അത്തരത്തില്‍ നടക്കുമെന്നു തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെയും കുടുംബം സന്ദര്‍ശിച്ചിരുന്നു. കോന്നി കാട്ടൂര്‍ പുത്തംപള്ളി മഹല്ല് ജമാഅത്തിനെ പ്രതിനിധീകരിച്ച് നിസാര്‍ മൗലവി പത്തനംതിട്ട, പി.എസ് അബ്ദുല്‍ഖാദിര്‍ മൗലവി തുടങ്ങിയവരും ഇവരോടൊപ്പമുണ്ടായിരുന്നു.

 

Test User: