ന്യൂഡല്‍ഹി: ശര്‍ജീല്‍ ഇമാം ഉള്‍പ്പെടെയുള്ളവരെ ജാമിഅ നഗര്‍ സംഘര്‍ഷ കേസില്‍ ഡല്‍ഹി കോടതി കുറ്റമുക്തരാക്കിയതിന് പിന്നാലെ, വിചാരണത്തടവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. യഥാര്‍ഥ കുറ്റവാളികളെ പിടികൂടാതെ ഡല്‍ഹി പൊലീസ് ഇവരെ ബലിയാടാക്കുകയായിരുന്നുവെന്ന് കോടതി വിധിച്ചിരിക്കുന്നു. പ്രതികളാക്കപ്പെട്ടവര്‍ക്ക് ജയിലില്‍ നഷ്ടമായ വര്‍ഷങ്ങളും മാസങ്ങളും ആര് തിരിച്ചുനല്‍കും. നിയമത്തെ നിരന്തരം ഇങ്ങനെ അപമാനിക്കുന്ന നടപടിക്ക് സുപ്രീംകോടതി എത്രയും വേഗം അവസാനമുണ്ടാക്കണം -പി. ചിദംബരം ട്വീറ്റില്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ കുറ്റംചെയ്തതിനുള്ള പ്രദമദൃഷ്ട്യാ തെളിവുപോലും ഇല്ലെന്നാണ് കോടതി വ്യക്തമാക്കിയതെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. പ്രതികളില്‍ ചിലര്‍ മൂന്ന് വര്‍ഷത്തോളമാണ് ജയിലിലടക്കപ്പെട്ടത്. ചിലര്‍ക്ക് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണക്ക് മുമ്ബുള്ള തടവുശിക്ഷയാണിത്. ഉത്തരവാദിത്തമില്ലാത്ത പൊലീസും അമിതാവേശം കാട്ടുന്ന പ്രോസിക്യൂട്ടര്‍മാരുമാണ് പൗരന്മാരെ ഇത്തരത്തില്‍ വിചാരണക്ക് മുമ്‌ബേ ജയിലില്‍ അടക്കുന്നതിന് കാരണം.
ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് കൈക്കൊള്ളുക?ആരോപണവിധേയര്‍ക്ക് ജയിലില്‍ നഷ്ടപ്പെട്ട വര്‍ഷങ്ങളോ മാസങ്ങളോ ആരാണ് തിരികെ നല്‍കുക? വിചാരണയ്ക്ക് മുമ്ബുള്ള തടവ് അനുവദിച്ചുകൊടുക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥ, ഇന്ത്യന്‍ ഭരണഘടനയെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 19, 21 എന്നിവയെ അപമാനിക്കുന്നതാണ്. നിയമത്തെ ഇത്തരത്തില്‍ നിരന്തരം അപമാനിക്കുന്നതിന് സുപ്രീംകോടതി അവസാനമുണ്ടാക്കണം. എത്ര പെട്ടെന്നാകുന്നുവോ അത്രയും നല്ലത്. സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച വിചാരണ കോടതി നടപടിയെ അഭിനന്ദിക്കുന്നു -ചിദംബരം പറഞ്ഞു.