ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് തന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി. കര്‍ണാടകയില്‍ നടക്കുന്നത് കുതിരപ്പന്തയമല്ല കഴുതപ്പന്തയമാണെന്നും ജഠ്മലാനി പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ജഠ്മലാനി കോടതിയെ സമീപിച്ചിരുന്നു.
കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാം ജഠ്മലാനി ഉന്നയിച്ചത്. ഇതുപോലൊരു മണ്ടത്തരം ചെയ്യാന്‍ ബി.ജെ.പി എന്താണ് ഗവര്‍ണറോട് പറഞ്ഞത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ അനുമതി എല്ലാവരും കാണെ അഴിമതി നടത്താന്‍ സാഹചര്യമൊരുക്കലാണ്‌രാം ജഠ്മലാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അതിനിടെ കര്‍ണാടകയില്‍ ഗവര്‍ണര്‍ നിര്‍ണായക തീരുമാനമെടുത്തതോടെ ഞെട്ടിക്കുന്ന തീരുമാനവുമായി കോണ്‍ഗ്രസും ആര്‍.ജെ.ഡിയും രംഗത്തെത്തി. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസും ബീഹാറില്‍ അവകാശവാദമുന്നയിച്ച് ആര്‍.ജെ.ഡിയും ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചു.