തിരൂരങ്ങാടി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ നടന്നുവരുന്ന
തൊഴിൽ മത്സര പരീക്ഷാ കോച്ചിങ് ക്യാമ്പ് ഉദ്യോഗാർഥികൾക്ക് ആശ്വാസമാകുന്നു. മാർച്ച് വരെ തുടരുന്ന രണ്ടാം ഘട്ടപരിശീലനത്തിൽ 84 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബർ 13 ന് നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടി ശനി, ഞായർ ദിവസങ്ങളിലാണ് നടക്കുന്നത്. കഴിഞ്ഞ വർഷവും പദ്ധതി നടപ്പാക്കിയിരുന്നു.
അന്ന് ക്ലാസിൽ ചേർന്ന 72 പേരിൽ 20ലേറെ ഉദ്യോഗാർത്ഥികൾ പി, എസ്.സി പരീക്ഷയിൽ നിയമന ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് പദ്ധതിയുടെ നേട്ടമായി.
പ്രഗൽഭരായ പത്ത് ഫാക്കൽറ്റികളാണ് മത്സര പരീക്ഷാ വിഷയങ്ങളിൽ ക്ലാസെടുക്കുന്നത്. തിരൂരങ്ങാടി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9. 30 മുതൽ വൈകീട്ട് 4.30 വരെയായി ഒരുമാസം പിന്നിട്ട രണ്ടാം ഘട്ട പരിശീലനം തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ.പിബാവ, അജാസ് സി എച്ച് അരിമ്പ്ര മുഹമ്മദലി എന്നിവർ സന്ദർശിച്ച് വിലയിരുത്തി. കോ-ഓർഡിനേറ്റർ പച്ചായി മൊയ്തീൻ കുട്ടി മാസ്റ്റർ, അക്കാദമിക് മെന്റർ എ ജെ.യുസൈറ എന്നിവർ പങ്കെടുത്തു. പരിശീലന പരിപാടി പുതിയ വാർഷിക പദ്ധതിയിലും ഉൾപ്പെടുത്തും.