കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസത്തിന്റെ സഹായ ഹസ്തവുമായി ഇതരസംസ്ഥാന തൊഴിലാളിയും. മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു എന്ന കമ്പിളി വില്‍പനക്കാരനാണ് ദുരിതബാധിതര്‍ക്ക് ആശ്വാസമായത്. കാലവര്‍ഷക്കെടുതിയില്‍ അകപ്പെട്ടവരുടെ വിഷമങ്ങള്‍ മനസിലാക്കിയ വിഷ്ണു താന്‍ വില്‍ക്കാന്‍ കൊണ്ടുവന്ന കമ്പിളി പുതപ്പുകള്‍ ഒന്നാകെ ദാനം ചെയ്താണ് ശ്രദ്ധേയനായത്.
കണ്ണൂര്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ ഇടവേള സമയത്ത് കമ്പിളി വില്‍ക്കാന്‍ എത്തിയതായിരുന്നു വിഷ്ണു. താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ നാട്ടിലെ മഴ ദുരിതത്തെക്കുറിച്ച് വിഷ്ണുവുമായി സംസാരിച്ചിരുന്നു. ഇതോടെ തന്റെ കയ്യിലുണ്ടായിരുന്ന പുതപ്പുകള്‍ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു തയ്യാറായി. മാങ്ങോട് നിര്‍മല എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് വിഷ്ണു പുതപ്പുകള്‍ വിതരണം ചെയ്തത്. കളക്ടര്‍ മീര്‍ മുഹമ്മദലി പുതപ്പുകള്‍ ഏറ്റുവാങ്ങി.