ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയില്‍ വന്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമഭേദഗതി വരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുള്ള ശിക്ഷ 100 രൂപയില്‍ നിന്ന് 1000 രൂപയാക്കി, ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പിഴ 100 രൂപയില്‍ 1000 രൂപയാക്കിയത് കൂടാതെ ലൈസന്‍സ് മൂന്ന് മാസം സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ട്.
എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതിരുന്നാല്‍ 10000 രൂപയാണ് പിഴ. നിലവില്‍ ഇങ്ങനെയൊരു നിയമമില്ല. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴ 500 രൂപയില്‍ നിന്ന് 5000 രൂപയാക്കി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാലയളവില്‍ വാഹനമോടിച്ചാല്‍ 10000 രൂപയാണ് പിഴ. നിലവില്‍ ഇത് 500 രൂപയാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴ 2000 രൂപയില്‍ നിന്ന് 10000 രൂപയാക്കി. അമിതവേഗതക്ക് പിഴ 500 രൂപയില്‍ നിന്ന് 5000 രൂപയാക്കി. ഓവര്‍ ലോഡിങ്ങിന് 20000 രൂപയാണ് പുതിയ പിഴ. നിലവില്‍ ഇത് 2000 രൂപയാണ്. പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാവിന് അല്ലെങ്കില്‍ വാഹന ഉടമക്ക് 25000 രൂപ പിഴയും മൂന്ന് വര്‍ഷത്തെ തടവും ശിക്ഷ ലഭിക്കും. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും.