അഷ്‌റഫ് തൈവളപ്പ്
കൊച്ചി: ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഓസ്‌ട്രേലിയന്‍ (എ) ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ്.സിയെ നേരിടും. വൈകിട്ട് 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കിക്കോഫ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. ലാലിഗ ടീമായ ജിറോണ എഫ്.സിയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റൊരു ടീം. ഇതാദ്യമായാണ് ലോകത്തെ ഏറ്റവും മികച്ച രാജ്യാന്തര ക്ലബ്ബുകള്‍ കേരളത്തില്‍ കളിക്കാനെത്തുന്നത്.
ഐ.എസ്.എല്‍ അഞ്ചാം സീസണിനായി നേരത്തെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ മത്സരങ്ങളുടെ തുടക്കം കൂടിയായിരിക്കും ലാലിഗ വേള്‍ഡ്. ഡല്‍ഹി ഡൈനാമോസിന് ശേഷം യൂറോപിലെ മുന്‍നിര ടീമുമായി സൗഹൃദ മത്സരം കളിക്കുന്ന രണ്ടാമത്തെ ഐ.എസ്.എല്‍ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. 2016ല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ബ്രോമുമായി ഡല്‍ഹി ഡൈനാമോസ് സൗഹൃദ മത്സരം കളിച്ചിരുന്നു. രണ്ടാഴ്ച്ചയോളം അഹമ്മദാബാദിലെ ട്രാന്‍സ്റ്റേഡിയയില്‍ പരിശീലനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങളുടെ റെക്കോഡ് പങ്കാളിത്തത്തോടെ 31 അംഗ ടീമിനെയാണ് പ്രീസീസണിനായി ഇറക്കുന്നത്.
ആറു വിദേശ താരങ്ങളും ടീമിലുണ്ട്. ടീമില്‍ പുതുതായി എത്തിയ സ്ലൊവേനിയന്‍ ഗോള്‍ മെഷീന്‍ മാറ്റെജ് പൊപ്ലാനിക്, സെര്‍ബിയന്‍ സ്‌ട്രൈക്കര്‍ സ്ലാവിയ സ്റ്റൊജനോവിച്ച് എന്നിവരെ മുന്നില്‍ നിര്‍ത്തിയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവത്തിന് കഴിഞ്ഞ സീസണുകളില്‍ വലിയ വില നല്‍കേണ്ടി വന്ന ടീമിന് ഇരുതാരങ്ങളുടെയും സാന്നിധ്യം ഗോള്‍ ദാരിദ്ര്യം മറികടക്കാന്‍ സഹായിക്കും. ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലിയാണ് ടീമില്‍ പുതുതായി എത്തിയ മറ്റൊരു വിദേശ താരം. കിസിറ്റോ, പെക്കൂസണ്‍, പെസിച്ച് എന്നിവരെ ടീം നിലനിര്‍ത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ സ്റ്റാര്‍ ഡിഫന്റര്‍ അനസ് എടത്തൊടികയുടെ അരങ്ങേറ്റം കൂടിയാണ് ഇന്ന്. സി.കെ വിനീത്, എം.പി സക്കീര്‍, പ്രശാന്ത് മോഹന്‍, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു, അഫ്ദാല്‍, ജിതിന്‍ എം.എസ്, സുജിത് എം.എസ്, ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് ടീമിലെ മറ്റു മലയാളി താരങ്ങള്‍. പ്രീസണ്‍ മത്സരമായതിനാല്‍ മിക്ക താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കിയേക്കും.