വധശ്രമക്കേസില്‍ എന്‍സിപി നേതാവും ലക്ഷദ്വീപ് എംപിയുമായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരെനെന്നു കണ്ടെത്തിയ സെക്ഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. 10 വര്‍ഷത്തെ തടവുശിക്ഷക്കെതിരെയാണ് ഫൈസല്‍ കോടതിയെ സമീപിച്ചത്. കേസില്‍ നാലു പ്രതികള്‍ക്കു ഉടന്‍ ജയില്‍ മോചിതരാകാം. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്. ഇതോടെ, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് ഫൈസലിനും കൂട്ടു പ്രതികള്‍ക്കും പുറത്തിറങ്ങാനാകും. പ്രതികളെ ജാമ്യത്തില്‍ വിട്ടയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വധശ്രമക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഫൈസലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ലക്ഷദ്വീപില്‍ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 27ന് ഉപതൈരെഞ്ഞെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്.