ബാന്റ് മേളത്തിന്റേയും വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും കലാചാരുതയുടെയും അകമ്പടിയോടെ കോഴിക്കോട് നഗരം ചുറ്റി കലോത്സവ സ്വര്‍ണ്ണക്കപ്പിന്റെ വിജയഘോഷയാത്ര. അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ വിജയം സ്വന്തമാക്കിയ ജില്ലയുടെ നേട്ടത്തിന്റെ ആവേശം പ്രകടമാക്കുന്ന ഘോഷയാത്രയില്‍ നിരവധി പേരാണ് പങ്കെടുത്തത്.
വിദ്യാര്‍ഥികളുടെയും പൗരാവലിയുടെയും അകമ്പടിയോടെ തുറന്ന ജീപ്പില്‍ വന്‍ ജനാവലിക്കൊപ്പം സ്വര്‍ണ്ണകപ്പ് വഹിച്ചുകൊണ്ടുള്ള ആഘോഷയാത്ര മുതലക്കുളത്തുനിന്നും ആരംഭിച്ച് ബി.ഇ. എം സ്‌കൂളില്‍ സമാപിച്ചു. കലോത്സവത്തില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ടിച്ച കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികളെയും ഹരിതസേന അംഗങ്ങളെയും അനുമോദിക്കുന്ന ചടങ്ങും അരങ്ങേറി.
കലോത്സവം പരാതികളില്ലാതെ മികച്ചരീതിയില്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സാധിച്ചുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കമ്മിറ്റികള്‍, അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍, വിവിധ വകുപ്പുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനങ്ങള്‍ തുടങ്ങി എല്ലാവരും രാഷ്ട്രീയ-കക്ഷി ഭേദമില്ലാതെ ഒന്നിച്ചു നിന്ന് കലോത്സവം മികച്ചരീതിയില്‍ നടത്തുന്നതില്‍ പങ്കാളികളായി.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശുചിത്വ തൊഴിലാളികള്‍, വാഹന സൗകര്യം ഒരുക്കിയ ഓട്ടോ തൊഴിലാളികള്‍, ദിവസേന കാല്‍ലക്ഷം പേര്‍ക്ക് ഭക്ഷണം വിളമ്പിയ ഭക്ഷണ കമ്മിറ്റി, വളണ്ടിയര്‍മാര്‍, പോലീസ്, വിവിധ കമ്മിറ്റികള്‍ എന്നിവര്‍ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. കലോത്സവ വിജയികളെയും മത്സരാര്‍ത്ഥികളെയും 21 കമ്മിറ്റികളെയും മന്ത്രി അഭിനന്ദിച്ചു. കോഴിക്കോട്ടെ ജനങ്ങള്‍ മികച്ച പങ്കാളിത്തത്തോടെ കലോത്സവം അനശ്വരമാക്കിയെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവ വിജയത്തിന് പിന്നിലുള്ള ഏവരെയും മന്ത്രി അഭിനന്ദിച്ചു.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോര്‍പ്പറേഷന്‍ ശുചിത്വ തൊഴിലാളികള്‍, ഹരിതകര്‍മ്മസേന ജീവനക്കാര്‍ എന്നിവരെ മന്ത്രി മുഹമ്മദ് റിയാസ് പുരസ്‌കാരം നല്‍കി ആദരിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. ആര്‍ഡിഡി ഡോ അനില്‍ കുമാര്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍, കലോത്സവ കമ്മിറ്റി കണ്‍വീനര്‍മാര്‍, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.