തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ മോഹന്‍ലാലിനെ ആക്രമണോത്സുകതയോടെ എതിര്‍ക്കുന്നത് അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദീലീപിനെ തിരിച്ചെടുത്തതിന്റെ പേരിലുണ്ടായ വിവാദങ്ങളില്‍ ‘അമ്മ’യില്‍ അംഗങ്ങളായ ഇടത് ജനപ്രതിനിധികളോട് വിശദീകരണം ആവശ്യപ്പെടില്ലെന്നും കോടിയേരി പറഞ്ഞു.
‘അമ്മ’യില്‍ അംഗങ്ങളായ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ സി.പി.എം അംഗങ്ങളല്ലാത്തതിനാലാണ് വിശദീകരണം ചോദിക്കാത്തത്. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം തെറ്റാണ്. തീരുമാനം എടുത്തവര്‍ക്കും അതിന്റെ ഭാഗമായി നിന്നവര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്.