ന്യഡല്‍ഹി:അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അപ്പീലില്‍ തീരുമാനമാകും വരെ ആണ് സ്‌റ്റേ. കേസ് ജനുവരിയിലേക്ക് മാറ്റി. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം,രജിസ്റ്ററില്‍ ഒപ്പുവെക്കാം, എന്നാല്‍ വോട്ട് ചെയ്യാന്‍ അനുവാദം ഇല്ല. ശമ്പളവും ആനുകൂല്യങ്ങളും ഇല്ല തുടങ്ങിയ ഉപാധികളോടെയാണ് ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് സ്‌റ്റേ അനുവദിച്ചത്. ഷാജിയുടെ അപ്പീലില്‍ എംവി നികേഷ് കുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ എതിര്‍ കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
അപ്പീലില്‍ തീരുമാനം വരുന്നത് വരെ അയോഗ്യത കല്‍പ്പിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുളള കെഎം ഷാജിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ്മാരായ അശോക് ഭൂഷണ്‍, എം.ആര്‍ ഷാ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. ഷാജിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനും, കോണ്‍ഗ്രസ് നേതാവുമായ ക പില്‍ സിബലാണ് ഹാജരായത്. അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു കെ.എം ഷാജി നല്‍കിയ ഹര്‍ജി കഴിഞ്ഞ 22ന് പരിഗണിച്ചപ്പോള്‍ നിയമസഭാംഗമായി തുടരുന്നതിനും സഭാ നടപടികളില്‍ പങ്കെടുക്കുന്നതിനും തടസ്സമില്ലെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശം രേഖാമൂലം നല്‍കാനോ, വിധി അടിയന്തരമായി സ്‌റ്റേ ചെയ്യാനോ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയാറായില്ല. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തി വോട്ടു പിടിച്ചെന്ന സി.പി.എം സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നവംബര്‍ ഒമ്പതിന് ഹൈക്കോടതി കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. ഉത്തരവ് പുറത്തു വന്ന പശ്ചാതലത്തില്‍ ഷാജിക്ക് ഇന്നു മുതല്‍ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാം.