തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ മേഖലയിലുള്ളവര്‍ക്കും ആരോഗ്യസേവനങ്ങള്‍ക്കും മാത്രമാണ് ഇളവുള്ളത്. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
ശനിയും ഞായറും സ്വകാര്യബസുകള്‍ ഉണ്ടാകില്ല. കെഎസ്ആര്‍ടിസി പരിമിത സര്‍വീസുകള്‍ മാത്രമാവും നടത്തുക. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ പാഴ്‌സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പ്പന ശാലകള്‍, കള്ളുഷാപ്പുകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. രോഗ വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് സാധ്യതയില്ല. ഈ ആഴ്ച്ച തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ ചൊവ്വാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.