സി ജമാല്‍ എടക്കര
കവളപ്പാറ : അന്‍പത്തൊന്‍പത് പേരുടെ ജീവന്‍ കവര്‍ന്ന കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നടുക്കുന്ന ദുരന്ത സ്മരണകള്‍ ഉള്ളിലൊതുക്കി ഒരു ജനത അതിജീവനത്തിന്റെ പാതയിലാണ്. 2019-ഓഗസ്ത് എട്ടിനാണ് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയൊരു ദുരന്തം മലയോര മേഖലയെ ഉരുള്‍പൊട്ടലിന്റെയും പ്രളയത്തിന്റെയും രൂപത്തില്‍ വിഴുങ്ങിയത്. കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടി താഴ്വാരത്ത് അധിവസിച്ചിരുന്ന നാല്‍പ്പത്തിയഞ്ചോളം വീടുകള്‍ മണ്ണിനടിയിലായി. രാത്രി എട്ട് മണിയോടെയുണ്ടായ ദുരന്തത്തില്‍ ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ അന്‍പത്തിയൊന്‍പത് ജീവനുകള്‍ മുത്തപ്പന്‍കുന്നിന്റെ മാറില്‍ പുതഞ്ഞുപോയി. ഇരുപത് ദിവസത്തോളം നീണ്ട് നിന്ന തിരച്ചിലില്‍ നാല്‍പ്പത്തിയൊന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. പതിനൊന്ന് ജീവനുകള്‍ മുത്തപ്പന്‍കുന്നിന്റെ മടിത്തട്ടില്‍ എപ്പോഴും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ഒരു കുടുംബത്തിലെതന്നെ നാലും അഞ്ചും അംഗങ്ങള്‍പോലും ദുരന്തത്തിനിരകളായി.
നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളും മോഹങ്ങളും തകര്‍ത്തെറിഞ്ഞ ദുരന്തം ഭീതിയോടെ മാത്രമാണ് അവശേഷിക്കുന്നവര്‍ ഇന്ന് ഓര്‍ക്കുന്നത്. സംസ്ഥാനം കണ്ടതില്‍ കൂടുതല്‍ ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു കവളപ്പാറയിലേത്. മണ്ണിനടിയില്‍ നിന്നും ലഭിച്ച അഴുകിയ ജഡങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഒരു മുസ്‌ലിം ആരാധനാലയം തന്നെ തുറന്നുനല്‍കിയ ഒരു ദേശത്തിന്റെ നന്‍മയുടെ വെളിച്ചവും കണ്ട വര്‍ഷമായിരുന്നു അത്. പോത്തുകല്‍ മസ്ജിദുല്‍ മുജാഹിദീനില്‍ വെച്ചായിരുന്നു അന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നത്. കവളപ്പാറയിലേയും പരിസരപ്രദേശങ്ങളിലെയും ദുരന്തബാധിതരായ 128-കുടുംബങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഏറെക്കുറെ സാധ്യമാക്കിയിട്ടുണ്ടെങ്കിലും വര്‍ഷം രണ്ടായിട്ടും മുഴുവനാക്കാന്‍ സാധിച്ചിട്ടില്ല.
ജനറല്‍ വിഭാഗത്തിലുള്ള 33 കുടുംബങ്ങള്‍ക്ക് ഭൂദാനത്തും 24-കുടുംബങ്ങള്‍ക്ക് ഞെട്ടിക്കുളത്തും പുനരധിവാസം സാധ്യമാക്കിയതും ഏറെ വിവാദങ്ങള്‍ക്കും, മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ നടത്തിയ സമരങ്ങള്‍ക്കുമൊടുവിലാണ്. കവളപ്പാറ, പാതാര്‍ എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളും പ്രളയത്തില്‍ തകര്‍ന്ന വീടുകളും 300ല്‍ അധികമുണ്ട്. മുഴുവന്‍ ദുരന്ത ബാധിതരെയും പുനരധിവസിപ്പിക്കാന്‍ ഇതുവരെ സര്‍ക്കാറിനായില്ല. സന്നദ്ധ സംഘടനകളും, യൂസുഫലിയെ പോലുള്ള വ്യക്തികളും വീട് നിര്‍മിച്ചു നല്‍കിയിരുന്നില്ലെങ്കില്‍ പ്രളയബാധിതര്‍ ഇന്നും ദുരിതത്തില്‍തന്നെ കഴിയേണ്ടിവന്നിരുന്നു.