കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന മംഗള വനത്തിന് ശ്വാസം മുട്ടുന്നു. പരിസ്ഥിതി മലിനീകരണം വന്‍തോതില്‍ വര്‍ധിക്കുന്നതും സമീപപ്രദേശങ്ങളില്‍ ഫളാറ്റുകള്‍ അടക്കം ബഹുനില മന്ദിരങ്ങള്‍ നിയന്ത്രണമില്ലാതെ ഉയരുന്നതും കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ ഹരിത ഭംഗിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാഹനപ്പെരുപ്പത്തെത്തുടര്‍ന്ന് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ് അളവ് വര്‍ധിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന അവസ്ഥ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അടക്കം അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കൊച്ചിക്ക്്് വരദാനമായി കിട്ടിയ ഈ നഗരവനത്തിന്റേയും അതിന്റെ സംരക്ഷണത്തിന്റേയും പ്രസക്തി വര്‍ധിക്കുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പുറത്തു വിടുന്നതില്‍ രാജ്യത്ത് ആദ്യ പത്ത്്് സ്ഥാനങ്ങളില്‍ ഇടംപിടിച്ച കൊച്ചി നഗരത്തെ കാത്തു രക്ഷിക്കുന്നത് നഗര ഹൃദയത്തിന് നടുവില്‍ സ്ഥിതിചെയ്യുന്ന മംഗള വനം എന്ന പച്ചത്തുരുത്താണെന്ന് നിരവധി പരിസ്ഥിതിപഠനങ്ങള്‍ തെളിയിക്കുന്നു. നഗരമധ്യത്തില്‍ ഇതുപോലൊരു വനവും പക്ഷിസങ്കേതവും രാജ്യത്തു തന്നെ വേറെയില്ല.
അന്തരീക്ഷ മലിനീകരണത്തിന് വഴിവെക്കുന്ന വാതകങ്ങള്‍ വന്‍തോതില്‍ വലിച്ചെടുക്കാന്‍ കഴിയുന്നതും മറ്റു സസ്യങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് ഓക്‌സിജന്‍ പുറത്തു വിടാന്‍ കഴിയുന്നതുമായ 35 ലധികം ഇനം കണ്ടല്‍ മരങ്ങള്‍ കൂട്ടമായി വളരുന്നതാണ് മംഗള വനത്തെ കൊച്ചിയുടെ ശ്വാസകോശം എന്ന പേരില്‍ പ്രശസ്തമാക്കിയത്. കൊടും ചൂടുള്ള സമയങ്ങളില്‍ ഒരിക്കലെങ്കിലും മംഗള വനത്തില്‍ പ്രവേശിച്ചവര്‍ക്ക് യഥാര്‍ത്ഥത്തില്‍ അത് കൊച്ചിയുടെ ശ്വാസകോശം തന്നെയാണെന്ന് അനുഭവിച്ചറിയാന്‍ കഴിഞ്ഞിരിക്കും. നഗരഹൃദയത്തിലെ ഈ ഓക്‌സിജന്‍ ഫാക്ടറിയാണ് പരിസ്ഥിതി മലിനീകരണം മൂലം നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്. ലോക പരിസ്ഥിതി ദിനമായ ഇന്നടക്കം പരിസ്ഥിതി ദിനാചരണങ്ങള്‍ പേരിന് മരം നടല്‍ മാത്രമായി ചടങ്ങ്് കഴിക്കലില്‍ ഒതുങ്ങുമ്പോള്‍ കൊച്ചിയുടെ ശ്വാസകോശത്തെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയാണ് ഉയര്‍ന്നുവരുന്നത്.
ചുറ്റും ഉയര്‍ന്നുവരുന്ന കൂറ്റന്‍ കെട്ടിടങ്ങളാണ് മംഗള വനത്തിന് ഏറ്റവും വലിയ ഭീഷണി. ഗോശ്രീ പാലം നിര്‍മ്മാണത്തോടനുബന്ധിച്ചുള്ള വികസനത്തിന്റെ ഭാഗമായി മംഗള വനത്തിന് പടിഞ്ഞാറുവശത്തുള്ള കായല്‍ ഭൂമിയില്‍ നിരവധി ബഹുനിലക്കെട്ടിടങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. കായലോരം പൂര്‍ണമായും മറയ്ക്കുന്ന തരത്തില്‍ മുപ്പതും നാല്‍പ്പതും നിലകളുള്ള കെട്ടിടങ്ങളാണ് ഇതിന്റെ ചുറ്റോടു ചുറ്റും ഉയര്‍ന്നു പൊങ്ങി യിരിക്കുന്നത്. മംഗള വനത്തിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലപ്രദേശമായി കേന്ദ്ര വനം വകുപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചെങ്കിലും ഈ പ്രദേശത്ത് ഇനിയും ഡസന്‍ കണക്കിന് ബഹുനിലക്കെട്ടിടങ്ങള്‍ ഉയരുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.
ജില്ലയിലെ അതിപ്രധാന പക്ഷിസങ്കേതം കൂടിയായ മംഗള വനം കൂറ്റന്‍ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടതോടെ ഇവിടേക്കുള്ള പക്ഷികളുടെ വരവും വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. 2009ല്‍ 16 ഇനം ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ 113 ഇനം പക്ഷികളാണ് ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവില്‍ 2017ല്‍ നടത്തിയ പഠനത്തില്‍ 97 ഇനം പക്ഷികളെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ന് അതായത് 2021ല്‍ ഇത് ഇനിയും കുറഞ്ഞിട്ടുണ്ടാകാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. സലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററി (സാക്കോണ്‍ ) ആണ് മംഗളവനത്തിലെ പക്ഷികളെക്കുറിച്ച്്് പഠനം നടത്തിയത്.