തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ആഴ്ചയിലൊരിക്കല്‍ പ്രത്യേക ആദാലത്ത് ഓണ്‍ലൈനായി നടത്തണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍. ജില്ലകളിലെ പിങ്ക് പട്രോള്‍ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം.
സന്ദേശം ലഭിച്ചാല്‍ ഉടന്‍തന്നെ ആവശ്യപ്പെട്ട സ്ഥലത്ത് എത്താന്‍ കഴിയുന്ന വിധത്തിലായിരിക്കണം പിങ്ക് പട്രോള്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ കാര്യക്ഷമമായി നടത്തണമെന്നും ഡി.ജി.പി അനില്‍ കാന്ത് ഇറക്കിയ മാര്‍ക്ഷനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരെ വീടുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പിങ്ക് ജനമൈത്രി ബീറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തണം. വിവാഹപൂര്‍വ്വ കൗണ്‍സലിങ് ക്ലാസ്സുകളില്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസ്സ് എടുപ്പിക്കാന്‍ സാമൂഹിക സംഘടനകളെ പ്രേരിപ്പിക്കണം. ജില്ലാതല വനിതാ സെല്ലുകള്‍ ശക്തിപ്പെടുത്താനും ഡി.ജി.പി നിര്‍ദ്ദേശിച്ചു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരെ വനിതാ സെല്ലുകളില്‍ നിയോഗിക്കും.
വനിതകളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ക്ക് ആവശ്യമായ പരിഗണന നല്‍കി പരിഹാരം കണ്ടെത്താന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന എല്ലാത്തരം പരാതികള്‍ക്കും നിര്‍ബന്ധമായും രസീത് നല്‍കണം. ഇത് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കായിരിക്കും. നിര്‍ഭയ വോളന്റിയര്‍മാര്‍ പ്രവര്‍ത്തിക്കുന്ന ജില്ലകളില്‍ അവരുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനും പുതിയ പദ്ധതികള്‍ നടപ്പാക്കാനും ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു.