X

സമുദായ സംഘടനകളെ തമ്മിലടിപ്പിച്ച് മുസ്ലിം സമുദായത്തിന്റെ ഐക്യത്തെ തകർക്കാമെന്നത് ജലീലിന്റെയും സി. പി എമ്മിന്റെയും വ്യാമോഹം മാത്രം: എം കെ മുനീർ



മുസ്ലിം സമുദായത്തിനകത്ത്  നില നിൽക്കുന്ന വിശ്വാസപരമായ ആശയ വ്യത്യാസങ്ങൾ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴക്കാനുള്ള സി. പി. എം ശ്രമം നിന്ദ്യവും ക്രൂരവുമാണെന് ഡോക്ടർ എം കെ മുനീർ.

മുസ്‌ലിം സമുദായത്തിനകത്തുള്ള ഐക്യം പൊളിക്കുന്ന തരത്തിൽ  കെ. ടി ജലീലിനെ പോലുള്ളവർ നടത്തുന്ന  പ്രസ്താവന ഒരു ഉത്തരവാദിത്തപ്പെട്ട പൊതു പ്രവർത്തകന് ചേർന്നതല്ലെന്നും എം കെ മുനീർ  ഫേസ്ബുക്ക് വഴി പറഞ്ഞു.

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന മുസ്‌ലിം സമുദായത്തിൽ അടുത്ത കാലത്തായി ആശയ ധാരകൾക്ക് അതീതമായ ഐക്യം പൊതു വിഷയങ്ങളിൽ കാണാറുണ്ടെന്നും അത് തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുനീർ കൂട്ടിച്ചേർത്തു.

ബംഗാളിലെയും ത്രിപുരയിലെയും മുസ്ലിം സമുദായത്തിന്റെ ദുരവസ്ഥയിലേക്ക് കേരളത്തിലെ മുസ്ലിംങ്ങളെ തള്ളി വിടാൻ സാധിക്കാതെ പോയത് അവർ കേരളത്തിൽ ഐക്യത്തോടെ നിന്നത് കൊണ്ടാണെന്നും അവരുടെ ജനാധിപത്യ സംഘടിത ശക്തി തന്നെയായിരുന്നു സി പി എം അജണ്ടയുടെ പ്രതിബന്ധമെന്നും മുനീർ കൂട്ടിച്ചേർത്തു.

സമുദായത്തിലെ ഐക്യം തകർക്കാൻ വേണ്ടി മുന്നോട്ട് വെക്കുന്ന കുതന്ത്രം വിജയിക്കാൻ പോവുന്നില്ലെന്ന് അവർക്ക് വൈകാതെ മനസ്സിലാവുമെന്നും മുനീർ ഓർമിപ്പിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മുസ്ലിം സമുദായത്തിനകത്ത്  പതിറ്റാണ്ടുകളായി നില നിൽക്കുന്ന വിശ്വാസപരമായ ആശയ വ്യത്യാസങ്ങൾ കേവലമായ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരാനുള്ള സി. പി. എം ശ്രമം നിന്ദ്യവും ക്രൂരവുമാണ്.

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന ഒരു സമുദായത്തിൽ അടുത്ത കാലത്തായി ആശയ ധാരകൾക്ക് അതീതമായ ഒരു ഐക്യം പൊതു വിഷയങ്ങളിൽ കാണാറുണ്ട്.  കാലുഷ്യത്തിന്റെയും പരസ്പര പോരിന്റെയും അതി വിദൂരമല്ലാത്ത ഒരു കഴിഞ്ഞ കാലം പുറകിലേക്ക് മനപ്പൂർവ്വം തള്ളി നീക്കി സമുദായം മുന്നോട്ട് പോവുകയും കഴിയും വിധത്തിലെല്ലാം പൊതു വിഷയങ്ങളിൽ സഹകരിച്ചു പോരുകയുമായിരുന്നു.

അതിനെ പൊളിക്കുന്ന തരത്തിൽ സുന്നി – മുജാഹിദ് – വാക് പോരുകൾ ഉണ്ടാക്കാനുള്ള കെ. ടി ജലീലിന്റെ പ്രസ്താവന ഒരു ഉത്തരവാദിത്തപ്പെട്ട പൊതു പ്രവർത്തകന് ചേർന്നതല്ല.

സമുദായ സംഘടനകളെ തമ്മിലടിപ്പിച്ചു കൊണ്ട് മുസ്ലിം ഐക്യത്തെ തകർക്കാമെന്നത് ജലീലിന്റെയും സി. പി എമ്മിന്റെയും വ്യാമോഹം മാത്രമാണ്. അത് തിരിച്ചറിയാനുള്ള കഴിവും  പ്രാപ്തിയുമുള്ള നേതൃത്വം മുസ്ലിം സമൂഹത്തിനുണ്ട്!

അടർത്തി എടുത്തും തമ്മിൽ അടിപ്പിച്ചും  പരസ്പരം അകറ്റിയാൽ ഇനിയൊരിക്കലും ഐക്യപ്പെടാൻ കഴിയാത്ത വിധം സ്പർദ്ധ ഉണ്ടക്കുകയും  അതുവഴി സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി ഒന്നിച്ച് നിന്ന് ശബ്ദിക്കാനുള്ള ഒരുമയുടെ ശക്തി ഇല്ലാതാക്കുകയും ചെയ്യുക എന്ന കുബുദ്ധിയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്.ബംഗാളിലെയും ത്രിപുരയിലെയും മുസ്ലിം സമുദായത്തിന്റെ ദുരവസ്ഥയിലേക്ക് കേരളത്തിലെ മുസ്ലിംങ്ങളെ തള്ളി വിടാൻ സാധിക്കാതെ പോയത് അവരിവിടെ ഐക്യത്തോടെ നിന്നത് കൊണ്ടാണ്. മുസ്ലിം സമുദായത്തിന്റെ ജനാധിപത്യ സംഘടിത ശക്തി തന്നെയായിരുന്നു സി പി എം അജണ്ടയുടെ പ്രതിബന്ധം. പക്ഷെ ഈ കുതന്ത്രം വിജയിക്കാൻ പോവുന്നില്ല  എന്ന് അവർക്ക് വൈകാതെ മനസ്സിലാവും.!

Test User: