വിഴിഞ്ഞം: സസ്പെന്‍ഷനിലിരിക്കെ ഹോട്ടലില്‍ പരിശോധന നടത്തി പണമാവശ്യപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടലില്‍ പരിശോധന നടത്തിയ ഊറ്ററ സ്വദേശി ചന്ദ്രദാസാണ് (42) കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്.കാഞ്ഞിരംകുളം ചാവടിനടയിലെ ഹോട്ടലിലെത്തിയ ചന്ദ്രദാസ് ആരോഗ്യ വകുപ്പ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയശേഷം പരിശോധന ആരംഭിച്ചു. 30,000ഓളം രൂപ പിഴയടിക്കേണ്ട കുറ്റങ്ങളുണ്ടെന്നും 1000 രൂപ തന്നാല്‍ പ്രശ്നം പരിഹരിക്കാമെന്നും ഹോട്ടലുടമക്ക് ഉറപ്പുനല്‍കി. പണം നല്‍കില്ലെന്ന് അറിയിച്ചതോടെ 500 രൂപയെങ്കിലും ആവശ്യപ്പെട്ടു.
സംശയംതോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ തടഞ്ഞുവെച്ചശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവരെത്തി നടത്തിയ ചോദ്യംചെയ്യലിലാണ് കള്ളി വെളിച്ചത്തായത്. തുടര്‍ന്ന് കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഡി.എം.ഒ ഓഫിസിലെ ക്ലാസ് ഫോര്‍ ജീവനക്കാരനായ ചന്ദ്രദാസ് കൃത്യമായി ഓഫിസില്‍ ഹാജരാകാത്തതിന്റെ പേരില്‍ സസ്പെന്‍ഷനിലാണെന്ന് അധികൃതര്‍ അറിയിച്ചു.