വാടാനപ്പള്ളി: ഹഷീഷ് ഓയില്‍ മൊത്തവിതരണക്കാരന്‍ അറസ്റ്റില്‍. കൂരിക്കുഴി അരയങ്ങാട്ടില്‍ ലസിത് റോഷനെയാണ് (33) കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍.ശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിന് വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് പിടികൂടിയവരില്‍നിന്ന് അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ 1.5 കോടി രൂപ വില മതിക്കുന്ന ഏഴ് കിലോ ഹഷീഷ് ഓയില്‍ കണ്ടെടുത്തിരുന്നു. ഇത് ഇവര്‍ക്ക് എത്തിച്ചുനല്‍കിയ മൊത്തക്കച്ചവടക്കാരനായ ലസിത് റോഷനെ കയ്പമംഗലം കൊപ്രക്കളത്തുനിന്നാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
കയ്പമംഗലം സി.ഐ സുബീഷ് മോന്‍, എസ്.ഐ ശ്രീമതി കൃഷ്ണപ്രസാദ്, കൊടുങ്ങല്ലൂര്‍ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനില്‍, സി.പി.ഒമാരായ നിഷാന്ത്, ഷിന്റോ, ഗിരീഷ്, ശ്രീഹല്‍, സാബു, സൈബര്‍സെല്‍ സി.പി.ഒ മനു കൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പിടികൂടിയപ്പോള്‍ പ്രതിയുടെ പക്കല്‍നിന്ന് ഹഷീഷ് ഓയില്‍ പൊലീസ് കണ്ടെടുത്തു. പ്രതികള്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം, മയക്കുമരുന്ന് ഇടപാട് നടത്തുന്നവര്‍, പ്രതികള്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയവര്‍ എന്നിവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.