X

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ കൊവിഡ് വാക്‌സീന്‍ വിതരണം നിലച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ കൈവശം വാക്‌സീന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഇന്നലെത്തന്നെ സര്‍ക്കാര്‍ മേഖലയില്‍ വാക്‌സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. ഇന്നുമുതല്‍ സംസ്ഥാനത്തൊട്ടാകെ വാക്‌സിനേഷന്‍ നിര്‍ത്തേണ്ടിവരുന്ന സ്ഥിതിയാണ്. കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ വാക്‌സിന്‍ സ്റ്റോക്ക് ഏകദേശം അവസാനിച്ചത് പോലെയാണെന്നും ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണെന്നും മന്ത്രി പറഞ്ഞു. പല ജില്ലകളിലും വാക്‌സിന്‍ തീര്‍ന്നു. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിരന്തരം അഭ്യര്‍ത്ഥിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയത് 1.66 കോടി ഡോസാണ്. 1.87 കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നമുക്ക് സാധിച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് 76 ശതമാനം ആളുകള്‍ക്ക് ആദ്യഡോസ് വാക്‌സിനും 35 ശതമാനം ആളുകള്‍ക്ക് രണ്ടാം ഡോസും നില്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചു. ശേഷിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

വാക്‌സിന്‍ സംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. കേരളത്തിന് വാക്‌സിന്‍ ലഭ്യമാക്കേണ്ടവര്‍ തന്നെ ഇങ്ങനെ പറയുന്നതില്‍ നിര്‍ഭാഗ്യകരമാണ്. കേരളത്തില്‍ വളരെ സുതാര്യമായാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്നും ആര്‍ക്കും മനസിലാക്കാവുന്നതാണ്. അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് ആവശ്യത്തിനനുസരിച്ച് കേരളത്തിന് വാക്‌സിന്‍ നല്‍കണമെന്നാണ്. അടുത്തമാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യമാണ്. കേന്ദ്രത്തിന്റെ ഏറ്റവും പുതിയ സിറൊ സര്‍വൈലന്‍സ് റിപ്പോര്‍ട്ട് പ്രകാരം 42 ശതമാനം പേരില്‍ മാത്രമാണ് ആന്റിബോഡിയുള്ളത്. 50 ശതമാനത്തിലധികം പേര്‍ക്ക് ഇനിയും രോഗം വരാന്‍ സാധ്യതയുള്ളവരാണ്. അതിനാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക പ്രധാനമാണ്.

ഒരു ദിവസം നാലര ലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് നിലവിലെ വാക്‌സിന്‍ ക്ഷാമം. പതിവിന് വിപരീതമായി 18ന് ശേഷം കൂടുതല്‍ വാക്‌സിന്‍ ലഭിച്ചതിനാല്‍ കൂടുതല്‍ പേര്‍ക്ക് നല്‍കാനും കഴിഞ്ഞിട്ടുണ്ട്. വാക്‌സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കേന്ദ്രം വാക്‌സിന്‍ നല്‍കുന്ന മുറയ്ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

Test User: