കണ്ണൂര്‍: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സൗകര്യമൊരുക്കി. ഇതിനായി കോവിഡ് 19 വെബ്‌സൈറ്റില്‍ മാറ്റം വരുത്തി. ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്കു വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടാത്തതിനാല്‍ വിദേശയാത്ര പ്രയാസത്തിലായിരുന്നു. പലരും ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാണ് കുത്തിവെപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ വിദേശ രാജ്യങ്ങളിലെ കോവിഡ് ആപ്പില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ട് നമ്പറുമായാണ് ബന്ധിപ്പിച്ചിട്ടുള്ളത്. ആധാര്‍ നമ്പറിനു പകരം പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ നിലവില്‍ ആപ്പില്‍ സൗകര്യമുണ്ടായിരുന്നില്ല. ഇതിനു പരിഹാരമായാണ് കോവിഡ് 19 ആപ്പില്‍ ഭേദഗതി വരുത്തിയത്.
കോവിഡ്19.കേരള.ജിഒവി.ഐഎന്‍/വാക്‌സിന്‍ എന്ന വെബ്‌സൈറ്റ് തുറന്നാല്‍ മൂന്നാമത്തെ ഒപ്ഷനായി വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് ഫോര്‍ ഗോയിങ് എബ്രോഡ് എന്ന വിന്റോ കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന മെസേജ് ക്ലോസ് ചെയ്ത് രജിസ്‌റ്റേഡ് മൊബൈല്‍ നമ്പറും 14 അക്ക കോവിന്‍ റഫറന്‍സ് നമ്പറും നല്‍കണം. അപ്പോള്‍ ഒ.ടി.പി ലഭിക്കും. അത് വെരിഫൈ ചെയ്ത് ആവശ്യമായ വിവരങ്ങളും ആധാര്‍, പാസ്‌പോര്‍ട്ട്, വിസ എന്നിവയും അപ് ലോഡ് ചെയ്യുക. ആധാറും പാസ്‌പോര്‍ട്ട് നമ്പറും വെരിഫൈ ചെയ്യാന്‍ ഒ.ടി.പി ലഭിക്കും. നടപടി പൂര്‍ത്തിയായാല്‍ സര്‍ട്ടിഫിക്കേറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അപേക്ഷകന്റെ പേര് ആധാറിലും പാസ്‌പോര്‍ട്ടിലും ഒന്നായിരിക്കണം. അല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. കേന്ദ്രസര്‍ക്കാറിന്റെ കോവിന്‍ ആപ്പില്‍ അല്ല മാറ്റങ്ങള്‍ വരുത്തിയത്. പകരം കേരള സര്‍ക്കാര്‍ ഒരുക്കിയ സൗകര്യമൊരുക്കിയാണ് ഈ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത്. അതിനാല്‍ ഇതിന്റെ പ്രിന്റ് ആവശ്യമായ സ്ഥലത്ത് കാണിക്കാന്‍ കയ്യില്‍ കരുതണം. ഇതോടൊപ്പം വാക്‌സിന്റെ പേര് തിരുത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാക്‌സിന്റെ പേരിന്റെ സ്ഥാനത്ത് കോവിഷീല്‍ഡ് എന്നതിന്റെ കൂടെ ഒക്‌സ്‌ഫോര്‍ഡ് ആസ്ട്രനക്ക എന്നു കൂടി ചേര്‍ക്കും. പ്രത്യേക ഫോര്‍മാറ്റിലുള്ള ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെയാണ് ചുമതലപ്പെടുത്തിയത്.
വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവര്‍ക്ക് രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ നാല് മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ എടുക്കുവാനും സൗകര്യമൊരുക്കുന്നുണ്ട്. പോര്‍ട്ടലില്‍ ഇത് രേഖപ്പെടുത്തുവാന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുള്ള വാക്സിന്‍ സ്റ്റോക്കില്‍ നിന്നാണ് കുത്തിവെപ്പ് നല്‍കുക. വിസ, വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ രേഖകള്‍, ജോലി/ വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ പരിശോധിച്ചാണ് വാക്സിന്‍ നല്‍കുക. യാത്ര പോകുന്ന രാജ്യങ്ങളില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ.
വിദേശത്ത് അംഗീകാരമില്ലാത്ത കോവാക്‌സിന്‍ രണ്ടു ഡോസ് എടുത്ത പ്രവാസികളുടെ കാര്യത്തിലും വിദേശത്ത് വച്ച് ഒരു ഡോസ് വാക്‌സിന്‍ എടുത്ത് നാട്ടിലെത്തിയവര്‍ക്ക് അടുത്ത ഡോസ് നല്‍കുന്നതിനെകുറിച്ചും തീരുമാനം വരേണ്ടതുണ്ട്.