കോവിഡ് ലോക്ക്ഡൗണ്‍ ഇളവില്‍ വിവിധ പരീക്ഷകള്‍ പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ പരീക്ഷാ ഭവന്‍ നടത്തേണ്ട കഴിഞ്ഞ അധ്യയന വര്‍ഷത്തെ നാലാം ക്ലാസിലെ എല്‍എസ്എസ്, ഏഴാം ക്ലാസിലെ യുഎസ്എസ് പൊതു പരീക്ഷകള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് മിണ്ടാട്ടമില്ല. ഈ അധ്യയന വര്‍ഷം ക്ലാസ് കയറ്റം കിട്ടി അഞ്ച്, എട്ട് ക്ലാസിലെത്തിയ കുട്ടികള്‍ കഴിഞ്ഞ വര്‍ഷത്തെ ക്ലാസ് പഠനം കൂടി സമാന്തരമായി തുടരേണ്ട അവസ്ഥയാണ്. അതും ഓണ്‍ലൈനിലൂടെ. ഇത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ കുട്ടികള്‍ വ്യാപകമായി തയ്യാറെടുപ്പുകള്‍ നടത്തുകയും ഫെബ്രുവരി മാസം നോട്ടിഫിക്കേഷന്‍ വരികയും മാര്‍ച്ചില്‍ സ്‌കൂള്‍ അധികൃതര്‍ യോഗ്യരായ കുട്ടികളുടെ പേരു വിവരങ്ങള്‍ പരീക്ഷ ഭവന്റെ സൈറ്റില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. സാധാരണ നടത്തുന്ന പരീക്ഷയിലെ ചോദ്യങ്ങളില്‍ ക്രമീകരണം നടത്തി രണ്ടര മണിക്കൂറായി ചുരുക്കിയാണ് നോട്ടിഫിക്കേഷന്‍ ഇറക്കിയത്.
പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്ത ശേഷം അവസാന നിമിഷം പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ പരീക്ഷ മെയ് 17ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മെയ് മാസം കോവിഡ് വ്യാപനം കൂടുകയും ലോക്ക്ഡൗണായതിനാല്‍ പരീക്ഷ വീണ്ടും മാറ്റി.
എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പിച്ച് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി എന്ന് നടത്തുമെന്ന് പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ക്ലാസ് പഠനവും സമാന്തരമായി തുടരേണ്ട അവസ്ഥയില്‍ സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ടിസി നല്‍കി കുട്ടികളെ സ്‌കൂളില്‍ നിന്ന് പറഞ്ഞയച്ചെങ്കിലും പരീക്ഷ നടക്കാത്തതിനാല്‍ അധ്യാപകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനവും കൂടി സമാന്തരമായി തുടരേണ്ട അവസ്ഥയാണ്.