X

ബഫര്‍ സോണില്‍ ഏഴ് മാസമായി ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു : വി ഡി സതീശന്‍

കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ സാധരണക്കാരായ ജനങ്ങളെയും കര്‍ഷകരെയും സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . സര്‍ക്കാര്‍ ഇറക്കിയ മൂന്ന് ഭൂപടങ്ങളും അബദ്ധ പഞ്ചാംഗങ്ങളായിരുന്നു. കൃത്യമായ സര്‍വേ നമ്പരുകള്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടാണ് പരാതി നല്‍കണമെന്ന് പറയുന്നത്. കൃത്യമായ സര്‍വെ നമ്പര്‍ ഇല്ലാതെ എങ്ങനെയാണ് പരാതി നല്‍കുന്നത്? പഞ്ചായത്തുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞിട്ടും 30 ശതമാനം സ്ഥലങ്ങളില്‍ പോലും യാഥാര്‍ത്ഥ്യമായില്ല. സുപ്രീം കോടതി ഉത്തരവ് ജൂണ്‍ മൂന്നിന് പുറത്ത് വന്നിട്ടും ഒന്നും ചെയ്യാതെ ഏഴ് മാസവും സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു. മൂന്ന് മാസത്തെ കാലാവധിയില്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടും രണ്ടര മാസം കഴിഞ്ഞാണ് വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചതും ജീവനക്കാരെ നല്‍കിയതും. കമ്മിറ്റിയാകട്ടെ മൂന്ന് തവണ ഗൂഗിള്‍ മീറ്റ് നടത്തുക മാത്രമാണ് ചെയ്തത്. ഉത്തരവാദിത്തബോധമില്ലാതെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2019-ല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കിലേമീറ്റര്‍ ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്? സുപ്രീം കോടതി വിധി പുറത്ത് വന്നപ്പോള്‍ 2019-ലെ ഉത്തരവ് റദ്ദാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിലും പുറത്തും ആവശ്യപ്പെട്ടതാണ്. റദ്ദാക്കാമെന്ന ഉറപ്പ് നല്‍കിയെങ്കിലും അത് ചെയ്യാതെ അവ്യക്തമായ പുതിയ ഉത്തരവിറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

റവന്യൂ- തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് 15 ദിവസം കൊണ്ട് സര്‍ക്കാരിന് ഫീല്‍ഡ് സര്‍വെ പൂര്‍ത്തിയാക്കാമായിരുന്നു. ബഫര്‍ സോണ്‍ മേഖലയില്‍ കൃഷിയിടങ്ങളും ആരാധനാലയങ്ങളും വീടുകളും സര്‍ക്കാര്‍ ഓഫീസുകളും ഉണ്ടെന്നാണ് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ഏഴ് മാസമായി ഇതിന് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ജനങ്ങളെ പരിഭ്രാന്തിയിലും ഭയപ്പാടിലുമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വ്യയക്തമാക്കി.

 

 

webdesk12: