X

ആയുര്‍വേദ മരുന്നെന്ന പേര്; സംസ്ഥാനത്തേക്ക് വലിയ അളവില്‍ കഞ്ചാവ് മിഠായിയുടെ ഒഴുക്ക്; കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ലക്ഷ്യമിടുന്നു

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വര്‍ണക്കടലാസില്‍ പൊതിഞ്ഞ് കഞ്ചാവ് മിഠായി എത്തുന്നു. കഴിഞ്ഞ ഏതാനും നാളുകള്‍ക്കുള്ളില്‍ കൊച്ചിയില്‍ നിന്ന് മാത്രം പലതവണയാണ് ഇവ പിടികൂടിയത്. കഞ്ചാവ് കലര്‍ന്ന 40 കിലോ മിഠായിയുമായി കഴിഞ്ഞ ദിവസം കര്‍ണാടക സ്വദേശികളായ പിതാവും മകനും പിടിയിലായതോടെ അന്വേഷണം വിപുലമാക്കാനാണ് പോലീസ് തീരുമാനം.

കര്‍ണാടക ബെല്‍ഗാം സ്വദേശികളായ ഷെട്ടപ്പ (46), മകന്‍ അഭിഷേക് (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പുണെയില്‍ നിന്ന് കൊണ്ടുവന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം ഇവര്‍ കഞ്ചാവ് കലര്‍ന്ന മിഠായികളും എത്തിച്ചത്. പത്ത് രൂപക്ക് വില്‍ക്കുന്ന മിഠായിയുടെ 40 എണ്ണം അടങ്ങുന്ന പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് എത്തിച്ചതെങ്കിലും ആര്‍ക്ക് വേണ്ടിയാണ് ഇവ കടത്തിയതെന്നത് വ്യക്തമല്ല. ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസും എക്സൈസും. ച്യൂയിംഗം പോലുള്ള മിഠായികളുമായി ബിഹാര്‍ സ്വദേശികളാണ് നേരത്തേ പലതവണ പിടിയിലായത്. ട്രെയിന്‍ മാര്‍ഗം മറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കൊപ്പമാണ് ഇവ എത്തിയത്. ഇത്തരം മിഠായികള്‍ സ്‌കൂളുകള്‍ക്കരികിലുള്ള പെട്ടിക്കടകളും മറ്റും വഴിയാണ് വില്‍പ്പന നടത്തുന്നതെന്ന് പോലീസ്.

ആയുര്‍വേദ മരുന്നെന്ന പേരിലാണത്രേ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മിഠായിയുടെ നിര്‍മാണം നടക്കുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവ എത്തിക്കുന്നതെന്നാണ് പിടിയിലായവര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ബംഗ്ലാദേശില്‍ നിന്നും എത്തുന്നുണ്ട്. എറണാകുളത്തിന് പുറമേ മറ്റ് ജില്ലകളിലും വില്‍പ്പന വ്യാപകമാകുന്നുണ്ട്.

webdesk12: