തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചെന്ന പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രതിദിന മരണ നിരക്കുകള്‍ പ്രസിദ്ധീകരിച്ചെങ്കിലും പട്ടികയില്‍ നിന്ന് പുറത്തായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രയോഗിക മാര്‍ഗങ്ങളില്ലെന്ന് പരാതി. ഡി.എം.ഒമാര്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, മരിച്ച രോഗിയുടെ ആസ്പത്രി രേഖകളില്‍ കോവിഡ് ബാധ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവര്‍ എങ്ങനെ പട്ടികയില്‍ ഇടംനേടുമെന്ന ആശങ്കയാണ് നിലനില്‍ക്കന്നത്. കോവിഡ് നെഗറ്റീവ് ആയശേഷം മറ്റെന്തിലും അസുഖം ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആ സമയം കോവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ആസ്പത്രി രേഖകളില്‍ രോഗിക്ക് കോവിഡ് ഇല്ലെന്നാണ് രേഖപ്പെടുത്തുക. ഇതനുസരിച്ച് സംസ്ഥാനത്ത് കണക്കില്‍ പെടാതെ പോയ മരണങ്ങളുടെ സംഖ്യ ഭീമമായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
അതേസമയം ജില്ലകളില്‍ ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മരണം സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണെന്ന വിവരം പുറത്തുവന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട മരണസംഖ്യയുടെ ഇരട്ടിയോളമാണ് തദ്ദേശസ്ഥാപനങ്ങളുടെ കണക്കിലുള്ളത്. വിവിധ ജില്ലകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 26,000ന് മേല്‍ വരുമെന്നാണ് വ്യക്തമാകുന്നത്. ഇത് ശരിവെക്കുന്നതാണ് ചില ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്ന് ഏഴായിരത്തോളം കോവിഡ് മരണവും മറ്റ് എട്ട് ജില്ലകളിലായി ആറായിരത്തിലേറെ മരണവും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ, സംസ്ഥാനത്ത് 13,000ല്‍ ഏറെ കോവിഡ് മരണം ഔദ്യോഗിക പട്ടികക്കു പുറത്തായി.
പത്തനംതിട്ടയില്‍ ഔദ്യോഗിക കണക്ക് 431, തദ്ദേശ സ്ഥാപന കണക്കനുസരിച്ച് 933. കണ്ണൂരില്‍ ഔദ്യോഗിക കണക്ക് 850, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 1981. കാസര്‍കോട്ട് ഔദ്യോഗികം 235, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 741. ഇടുക്കിയില്‍ ഔദ്യോഗികം 143, തദ്ദേശസ്ഥാപനങ്ങളിലെ കണക്കില്‍ 394. വയനാട്ടില്‍ ഔദ്യോഗികം 227, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 342. പാലക്കാട് ആരോഗ്യവകുപ്പിന്റെ മരണസംഖ്യ- 1173, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക്- 2571. മലപ്പുറത്ത് ഔദ്യോഗിക കണക്ക്-1197, തദ്ദേശസ്ഥാപനങ്ങളില്‍ 2758. തൃശൂരില്‍ ഔദ്യോഗിക കണക്ക് 1390, ആരോഗ്യ വിഭാഗത്തിന്റെ മരണപ്പട്ടികയില്‍ തന്നെ 2192 പേരുണ്ട്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ കള്ളക്കളികളും പുറത്തുവരികയാണ്. കുറഞ്ഞ മരണ നിരക്കിന്റെ പേരിലുള്ള അവകാശവാദമായിരുന്നു ഇത്രയും നാള്‍ കേരളം ഉയര്‍ത്തിപ്പിടിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ വരെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരണപ്പെവര്‍ 13,818 പേരാണ്. എന്നാല്‍ ഇത്രയും തന്നെ പേരുടെ ലിസ്റ്റ് മറച്ചുവെച്ചിരിക്കുകയാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.